വാഷിങ്‌ടൺ: ഇറാനെതിരെയുള്ള നിലപാട് കൂടുതൽ കടുപ്പിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ ഡൊണാൾഡ് ട്രംപ്. സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടത്തിന്റെ എ.ഐ നിർമിത ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് സോഷ്യൽ മീഡിയയിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചിത്രം പുറത്തുവിട്ടത്.
ചിത്രത്തിന് പുറമേ, ഇറാനെതിരെ ഒന്നിനു പിറകെ ഒന്നായി ഏഴോളം പോസ്റ്റുകളാണ് ഒറ്റ മണിക്കൂറിനിടെ ട്രംപ് പങ്കുവെച്ചത്. ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിന്റെ തകർച്ചയെ സൂചിപ്പിക്കുന്ന ചിത്രങ്ങളും ഇറാന്റെ കറൻസിയായ റിയാലിന്റെ കടുത്ത മൂല്യത്തകർച്ച ചൂണ്ടിക്കാണിക്കുന്ന വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുഎസിന്റെ സൈനികവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾ മൂലം ഇറാൻ കടുത്ത പ്രതിസന്ധിയിലാണെന്ന സന്ദേശമാണ് ഈ പോസ്റ്റുകളിലൂടെ ട്രംപ് നൽകുന്നത്.
കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളും വിവിധ സ്ഥിതിവിവരക്കണക്കുകളും അവകാശവാദങ്ങളുമാണ് ട്രംപിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. മിഡിൽ ഈസ്റ്റിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കെ, ട്രംപിന്റെ ഈ നീക്കം വലിയ നയതന്ത്ര ചർച്ചകൾക്കും വിദേശമാധ്യമങ്ങളിൽ കടുത്ത വാഗ്വാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.












