വാഷിങ്‌ടൺ: ലോകത്തെ വിറപ്പിച്ച സെപ്റ്റംബർ 11 ഭീകരാക്രമണം നടന്ന് 25 വർഷങ്ങൾക്ക് ശേഷം കേസിൽ നിർണായക വഴിത്തിരിവാകുന്ന പുതിയ തെളിവുകൾ പുറത്ത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച വിമാന തട്ടിക്കൊണ്ടുപോകൽ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഒമർ അൽ ബയൂമിക്ക് അൽ ഖ്വെയ്ദയുമായും സൗദി അറേബ്യൻ ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ബിബിസി അന്വേഷണത്തിലൂടെ പുറത്തുവിട്ടത്. മുൻപ് പുറത്തുവരാത്ത ദൃശ്യങ്ങൾ ഇപ്പോൾ 9/11 ഇരകളുടെ കുടുംബങ്ങൾ സമർപ്പിച്ച ഹർജിയിലെ പ്രധാന തെളിവായി മാറിയിരിക്കുകയാണ്.
ബിബിസി പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ, മുമ്പ് തീവ്രവാദിയോ സൗദി ചാരനോ അല്ലെന്ന് വർഷങ്ങളോളം അവകാശപ്പെട്ടിരുന്ന ഒമർ അൽ ബയൂമി, മുൻ അൽ ഖ്വെയ്ദ തലവൻ അൻവർ അൽ ഔലാകിയുമായി ഊഷ്മളമായി കെട്ടിപ്പിടിക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതും വ്യക്തമാണ്. സാൻ ഡിയേഗോയ്ക്ക് സമീപത്തുവെച്ച് ഇരുവരും ഒന്നിച്ചു പെയിന്റ് ബോൾ ഗെയിമിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ, സൗദി അറേബ്യൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ (Ministry of Islamic Affairs) മുതിർന്ന ഉദ്യോഗസ്ഥനും ഇവർക്കൊപ്പം ഈ ദൃശ്യങ്ങളിലുണ്ട്.
ഈ അന്വേഷണ വിവരങ്ങൾ പുറത്തുവന്നതോടെ യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐക്കെതിരെ (FBI) കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്. നിർണായകമായ ഈ തെളിവുകളും വിവരങ്ങളും കൈവശമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് എഫ്ബിഐ അന്ന് വിശദമായ അന്വേഷണം നടത്തിയില്ലെന്ന ചോദ്യമാണ് ഇരകളുടെ കുടുംബങ്ങൾ ഉന്നയിക്കുന്നത്. ആക്രമണം നടന്ന് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും സൗദി ഭരണകൂടത്തിന് ആക്രമണത്തിലുള്ള പങ്ക് സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും കൂടുതൽ പുകയുകയാണ്.









