സിവിൽ സർവീസ് സ്വപ്നം കാണുന്ന മിടുക്കരായ വിദ്യാർഥികൾക്ക് വലിയൊരു കൈത്താങ്ങുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജ്യത്തെ ആയിരം വിദ്യാർഥികൾക്ക് യുപിഎസ്‌സി സിവിൽ സർവീസ് കോച്ചിങ്ങിനുള്ള സൗകര്യം പൂർണ്ണമായും സൗജന്യമായി ഒരുക്കി നൽകാൻ സഞ്ജു സാംസൺ ഫൗണ്ടേഷൻ തയ്യാറെടുക്കുന്നു. പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനമായ ‘ലീഡ് ഐ.എ.എസ് അക്കാദമി’യുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടാണ് സഞ്ജു ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന ‘ലീഡ് ഇന്ത്യ സമ്മിറ്റ് 2026’ വേദിയിലാണ് രാജ്യത്തെ യുവപ്രതിഭകൾക്കായി താരം ഈ അഭിമാനകരമായ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 1,000 വിദ്യാർഥികൾക്ക് ലീഡ് ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പൂർണ്ണ സ്‌പോൺസർഷിപ്പ് ലഭിക്കും. കഴിവും ആത്മാർത്ഥയുമുള്ള വിദ്യാർഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സിവിൽ സർവീസ് ലക്ഷ്യങ്ങൾ ഉപേക്ഷിക്കേണ്ടി വരരുതെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഇതിൽ സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തിനും കേരളത്തിലെ വിവിധ സമീപപ്രദേശങ്ങളിലുമുള്ള അർഹരായ വിദ്യാർഥികൾക്ക് പ്രത്യേക മുൻഗണന നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കായിക രംഗത്തിന് പുറമെ സാമൂഹിക സേവന രംഗത്തും സഞ്ജു സാംസൺ നടത്തുന്ന ഈ ഇടപെടൽ ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രശംസ നേടിയിട്ടുണ്ട്.








