എൽഡിഎഫിൽ നിന്നുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ നേതൃത്വം രാജിവെച്ച് ബിജെപിയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ നൂറോളം ഭാരവാഹികളും സജീവ പ്രവർത്തകരുമാണ് പാർട്ടി വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ട്രഷറർ ലേഖ പി. ജെ, സുനു സി. പണിക്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ശ്രീ. പികെ കൃഷ്ണദാസും, ശ്രീ ഷോൺ ജോർജും,ശ്രീ രാധാകൃഷ്ണമേനോനും ചേർന്ന്
ജില്ലാ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചു.
മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിൽ നിന്നും ഘടകകക്ഷികളിൽ നിന്നും നിരന്തരം അവഹേളനവും അവഗണനയുമാണ് നേരിടേണ്ടി വന്നതെന്ന് രാജിവെച്ച നേതാക്കൾ ആരോപിച്ചു. പരാതികൾ ഉന്നയിച്ചിട്ടും വിഷയത്തിൽ ഇടപെടാനോ പരിഹാരം കാണാനോ പാർട്ടി സംസ്ഥാന ചെയർമാൻ കെ.ബി. ഗണേഷ് കുമാറോ സംസ്ഥാന നേതൃത്വമോ തയ്യാറായില്ല. സ്വന്തം പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും നേരിട്ട നീതികേടിൽ സഹികെട്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
രാജ്യത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബിജെപിയാണ് ശരിയായ വഴിയെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന് പ്രശാന്ത് നന്ദകുമാർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ കൂട്ട ഉത്തരവാദിത്തമില്ലായ്മയാണ് തങ്ങളെ ബിജെപിയിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ നേതൃത്വവും നൂറോളം പ്രവർത്തകരും ഒരുമിച്ച് പാർട്ടി വിട്ടതോടെ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ബി വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.








