മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദിക്ക് സമീപത്തുനിന്ന് വ്യാജ ഐഡന്റിറ്റി കാർഡും തോക്കുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്.
കസ്റ്റഡിയിലായവരിൽ ഒരാളായ രോഹൻ പരേഖ് എന്ന 24-കാരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്നാണ് സുരക്ഷാ ജീവനക്കാരോട് അവകാശപ്പെട്ടത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്നത് വ്യാജ ഐഡി കാർഡാണെന്ന് വ്യക്തമായി. ഇയാളോടൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും പ്രതികൾക്കെതിരെ ബികെസി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത തോക്ക് ലൈസൻസുള്ളതാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവർ എന്തിനാണ് ഈ വ്യാജ രേഖകൾ ഉപയോഗിച്ച് സുരക്ഷാ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.








