ലഖ്‌നൗ : ഉത്തർപ്രദേശിലെ അംഗൻവാടി ജീവനക്കാർക്കും ആയമാർക്കും വേതന വർദ്ധനവും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൌജന്യ കാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. സംസ്ഥാനത്തെ 3.28 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഈ പുതിയ തീരുമാനത്തിന്റെ ആനുകൂല്യം നേരിട്ട് ലഭിക്കും.
തീരുമാനപ്രകാരം അംഗൻവാടി ജീവനക്കാരുടെ പ്രതിമാസ വേതനത്തിൽ 4,000 രൂപയുടെയും ആയമാരുടെ വേതനത്തിൽ 2,000 രൂപയുടെയും വർദ്ധനവുണ്ടാകും. അതോടെ ജീവനക്കാരുടെ വേതനം 12,000 രൂപയായും ആയമാരുടേത് 6,000 രൂപയായും ഉയരും. ഇതിനുപുറമേ ആയുഷ്മാൻ ഭാരത് പദ്ധതി വഴി ജീവനക്കാർക്കും കുടുംബത്തിനും മെച്ചപ്പെട്ട സൗജന്യ ചികിത്സാ സഹായവും ഉറപ്പാക്കും.
പുതുതായി ജോലിയിൽ പ്രവേശിച്ച 71,310 പേർക്കുള്ള നിയമന ഉത്തരവുകളും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു. അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പോഷകാഹാര വിതരണത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലും അംഗൻവാടി പ്രവർത്തകർ നടത്തുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.








