തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും കൈമാറിയ കത്തിൽ ഗൗരവകരമായ കൂടുതൽ വിവരങ്ങളും വ്യക്തമായ തെളിവുകളുമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കള്ളപ്പണ നിരോധന നിയമം (PMLA) അനുസരിച്ചാണ് ഇ.ഡി ഡിജിപിക്ക് റിപ്പോർട്ട് അയച്ചിരിക്കുന്നത്. വിഷയത്തിൽ രാഷ്ട്രീയ വിരോധമില്ലെന്നും പൂർണ്ണമായും നിയമപരമായ പരിശോധന പൂർത്തിയാക്കി സർക്കാർ കർശന നടപടിയെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ ടി. വീണ വഴി സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഇതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് (FIR) എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.ഡി സംസ്ഥാന പൊലീസിന് കത്ത് നൽകിയത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നോ കമ്പനികളിൽനിന്നോ സംഭാവന വാങ്ങുന്നത് സ്വാഭാവികമാണ്, എന്നാൽ ഇത് വെറുമൊരു ഫണ്ട് സ്വരൂപണമല്ല. കേവലം സിഎംആർഎൽ ഇടപാടിനും അപ്പുറമുള്ള നിരവധി ഗുരുതരമായ വിവരങ്ങളും അഴിമതി തെളിവുകളുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കത്തിനൊപ്പമുള്ള റിപ്പോർട്ടിലുള്ളത്. ഒരു കേന്ദ്ര ഏജൻസി നൽകിയ കൃത്യമായ രേഖകൾ തിരിച്ചയക്കാൻ കഴിയില്ലെന്നും അതിന്റെ ഗൗരവം ചോർന്നുപോകാതെ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തപ്പോൾ ഇ.ഡിയോട് സഹകരിച്ച പാരമ്പര്യമാണ് ഉള്ളതെന്നും എൽഡിഎഫ് ചെയ്തതുപോലെ അന്വേഷണ ഏജൻസികളെ ആക്രമിക്കുന്ന ശൈലി യുഡിഎഫിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.ഡി നൽകിയ റിപ്പോർട്ടിൽ നിയമപരമായ വ്യക്തത വരുത്തി കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമെന്ന സൂചന നൽകിയ മുഖ്യമന്ത്രി, വൻ അഴിമതി പുറത്തുവന്നതോടെ പ്രതിരോധത്തിലായ സിപിഎം വിഷയത്തെ ന്യായീകരിക്കാൻ വെറുതെ തത്രപ്പെടുകയാണെന്നും വിമർശിച്ചു.












