സിഎംആർഎൽ-എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കടുത്ത അമർഷത്തോടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. “പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല” എന്ന് ക്ഷുഭിതനായി പറഞ്ഞുകൊണ്ട് പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ദേഷ്യത്തോടെ മടങ്ങുകയായിരുന്നു.
ചങ്ങനാശേരിയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമത്തിനായി എത്തിയപ്പോഴാണ് സംഭവം. ഗസ്റ്റ് ഹൗസിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർ, മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഇ.ഡി സംസ്ഥാന പൊലീസിന് കൈമാറിയ അന്വേഷണ ശുപാർശയെക്കുറിച്ച് പ്രതികരണം തേടുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കാതെ രോഷാകുലനായ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ വീണ വിജയൻ വഴി സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന ഡിജിപിക്ക് കത്തയച്ചെന്നുമുള്ള വാർത്തകൾ പുറത്തുവന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമാണ് പുകയുന്നത്. വിഷയത്തിൽ നിയമപരമായ കർശന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഈ കടുത്ത പ്രതികരണമുണ്ടായത്.












