തിരുവനന്തപുരം: തലസ്ഥാനത്ത് മദ്രസയിൽ പഠിക്കാനെത്തിയ പത്തു വയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം സ്വദേശിയും വേളി മാധവപുരത്തെ മദ്രസയിലെ അധ്യാപകനുമായ എൻ. ഇസ്മായിൽ (58) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ മതപഠനത്തിനായി എത്തിയ കുട്ടികളെ അധ്യാപകൻ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ ഭയത്തോടെ വിവരങ്ങൾ രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ ഉടൻ തന്നെ വലിയതുറ പൊലീസിൽ പരാതി നൽകുകയും, പോക്സോ (POCSO) അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
തലസ്ഥാനത്ത് മദ്രസ അധ്യാപകർ കുരുന്നുകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി വർധിച്ചുവരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വട്ടപ്പാറയിൽ പത്തുവയസ്സുകാരിയെ നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ കന്യാകുളങ്ങര സ്വദേശിയായ നജീം (52) എന്ന മദ്രസ അധ്യാപകനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമം ഭയന്ന് കുട്ടി മദ്രസയിൽ പോകാൻ മടിച്ചതോടെയാണ് രക്ഷിതാക്കൾ വിവരമറിഞ്ഞതും പരാതി നൽകിയതും. കുട്ടികളെ ഭീഷണിപ്പെടുത്തി നിരന്തരം ഉപദ്രവിക്കുന്ന ഇത്തരം സംഭവങ്ങളിൽ അന്വേഷണം ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.












