തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്യാതിരിക്കുകയും കഠിനമായ ചൂട് തുടരുകയും ചെയ്താൽ ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12:30 വരെയുള്ള സമയങ്ങളിൽ ഓരോ പ്രദേശത്തും ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. പീക്ക് സമയങ്ങളിൽ ഘട്ടം ഘട്ടമായി കുറഞ്ഞത് 500 ഫീഡറുകളെങ്കിലും അരമണിക്കൂർ വീതം ഓഫാക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം മാത്രം 1,000 മെഗാവാട്ടിലേക്ക് അടുക്കുകയാണെന്നും ബോർഡ് വ്യക്തമാക്കുന്നു.
പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വൈദ്യുതി മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തിൽ കെഎസ്ഇബി അടിയന്തര യോഗം ചേരും. സംസ്ഥാനത്തെ ഒരു ദിവസത്തെ ആകെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാൻ സാധ്യതയുണ്ട്. കടുത്ത വേനലിന് സമാനമായ അന്തരീക്ഷ താപനിലയും മഴയുടെ അഭാവവുമാണ് വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടിയത്. പീക്ക് സമയത്ത് ഏറ്റവും ഉയർന്ന ആവശ്യകത (Peak Demand) 5,000 മെഗാവാട്ടിലേക്ക് എത്തിയേക്കാം.
ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ 12,000 മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. രാജ്യത്തുടനീളം ആവശ്യകത വർദ്ധിച്ചതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത അവസ്ഥയാണ്. വിപണിയിൽ നിന്നും അമിത വില നൽകി സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ അതിന്റെ വൻ സാമ്പത്തിക ബാധ്യത ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കൾ തന്നെ ചുമക്കേണ്ടി വരുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. അതിനാൽ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












