തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ കവാടത്തിൽ വെച്ച് അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ആളില്ലാ ഡ്രോൺ സബ്‌മറൈൻ തങ്ങൾ പിടിച്ചെടുത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. പുലർച്ചെ നടത്തിയ സങ്കീർണ്ണമായ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിലൂടെയാണ് അമേരിക്കൻ സൈന്യത്തിന്റെ അണ്ടർവാട്ടർ വെഹിക്കിളായ ‘ഡൈവ്-എൽഡി’ പിടിച്ചെടുത്തതെന്നും ഇവർ വ്യക്തമാക്കുന്നു. അഞ്ചര മീറ്ററിലധികം നീളവും മൂന്ന് ടണ്ണോളം ഭാരവുമുള്ള ഈ സബ്‌മറൈൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിന്റെ ആഴങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണെന്ന് ഇറാനിയൻ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ഇറാന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ അമേരിക്കൻ സൈന്യം തങ്ങളുടെ ഡ്രോൺ സബ്‌മറൈന് പ്രവർത്തനത്തിനിടെ യന്ത്രത്തകരാർ സംഭവിക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമാക്കി. തദ്ദേശീയമായി സർവേ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പഴയ മോഡൽ ഡ്രോണാണ് തകരാറിലായതെന്നും ഇതിൽ രഹസ്യ വിവരങ്ങളോ അതീവ സുരക്ഷാ ശേഷിയുള്ള സോണാർ സാങ്കേതികവിദ്യകളോ ഉണ്ടായിരുന്നില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. സബ്‌മറൈൻ തകരാറിലായി വെള്ളത്തിൽ കിടന്ന സമയത്താണ് ഇറാൻ സൈന്യം അത് കരയ്‌ക്കെത്തിച്ചതെന്നും ഇതിലൂടെ അമേരിക്കയുടെ തന്ത്രപ്രധാന വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും പെന്റഗൺ കൂട്ടിച്ചേർത്തു.
മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ സൈനിക തർക്കങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെയും സൈനിക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്. ഇതിനുപുറമേ തങ്ങളുടെ ആകാശസീമയിൽ പ്രവേശിച്ച അമേരിക്കയുടെ എംക്യു-1 നിരീക്ഷണ ഡ്രോൺ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം കൂടുതൽ ശക്തമാകുന്നതോടെ ആഗോള എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും അത് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.










