തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഇന്ന് നേരത്തെ നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. എന്നാൽ നാളെ മുതൽ വീണ്ടും മഴ സജീവമാകുമെന്നാണ് കണക്കുകൂട്ടൽ.
നാളെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. മറ്റന്നാളും നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുമെങ്കിലും, പതിമൂന്നാം തീയതി മുതൽ വീണ്ടും സംസ്ഥാനത്ത് മഴയുടെ അളവ് കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഉഷ്ണതരംഗത്തിനും കനത്ത ചൂടിനുമുള്ള സാധ്യതകൾ മുൻനിർത്തി ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, കടുത്ത നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയേറെയായതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കണിശമായ മുൻകരുതലുകൾ പാലിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.












