ചെന്നൈ : തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). മധുരാന്തകം (എസ്‌സി) മണ്ഡലത്തിൽ മുൻ എംഎൽഎയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കെ. മരഗതം കുമരവേലിനെയും, ധാരാപുരം (എസ്‌സി) മണ്ഡലത്തിൽ പാർട്ടി തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയായ പി. സത്യഭാമയെയുമാണ് മത്സരിപ്പിക്കുന്നത്. ടിവികെ നേതൃത്വം നൽകുന്ന “സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്” എന്ന സഖ്യത്തിന്റെ ബാനറിലാണ് ഇരുവരും മത്സരരംഗത്തിറങ്ങുന്നത്. സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകരും ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് വിജയ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ച സ്ഥാനാർത്ഥികളായിരുന്നു മരഗതം കുമരവേലും സത്യഭാമയും. എന്നാൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേരുകയായിരുന്നു. ജനപ്രതിനിധികൾ രാജിവെച്ചതിനെ തുടർന്നാണ് ഈ രണ്ട് സംവരണ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നത്. കോൺഗ്രസ്, ഐയുഎംഎൽ, വിസികെ, എംഡിഎംകെ തുടങ്ങിയ കക്ഷികൾ ടിവികെ നയിക്കുന്ന ഭരണസഖ്യത്തിന്റെ ഭാഗമാണ്.
ഒക്ടോബർ ആറിനാണ് മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ ഒൻപതിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. ടിവികെ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ ഈ പോരാട്ടം ഭരണപക്ഷത്തിന് ഏറെ നിർണ്ണായകമാണ്. അതേസമയം പ്രധാന പ്രതിപക്ഷമായ ഡിഎംകെയും എഐഎഡിഎംകെയും പൂർണ്ണ ശക്തിയോടെ സ്ഥാനാർത്ഥികളെ നിർത്തി മത്സരരംഗത്തുള്ളതിനാൽ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.








