ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും പൗരത്വം നേടാനും ആഗ്രഹിച്ച അയർലൻഡ് സ്വദേശിയുടെ സമൂഹമാധ്യമ കുറിപ്പും, അതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ഗ്രോക് നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യയോടുള്ള സ്നേഹം കാരണം കുടുംബത്തോടൊപ്പം കൊൽക്കത്തയിലെത്തിയ ആ അയർലൻഡ് പൗരൻ, എത്ര പെട്ടെന്ന് ഇന്ത്യൻ പൗരത്വം നേടാനാകുമെന്ന് ഗ്രോക്കിനോട് ചോദിക്കുകയായിരുന്നു. ഈ രസകരമായ സംഭവത്തിൽ എലോൺ മസ്ക് പ്രതികരിക്കുകയും ഇന്ത്യയുടെ നിയമങ്ങൾ യാഥാർത്ഥ്യബോധമുള്ളതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഇന്ത്യൻ പൗരത്വം നേടാൻ കുറഞ്ഞത് 14 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഗ്രോക് ഇതിന് മറുപടിയായി വ്യക്തമാക്കിയത്. സ്വാഭാവികവൽക്കരണത്തിലൂടെ പൗരത്വം ലഭിക്കുന്നതിന് കുറഞ്ഞത് 12 വർഷത്തെ നിയമപരമായ താമസം ആവശ്യമാണെന്നും, ഇതിൽ അവസാനത്തെ 12 മാസത്തെ തുടർച്ചയായ താമസവും അതിനുമുമ്പുള്ള 14 വർഷത്തിനിടയിൽ 11 വർഷത്തെ താമസവും ഉൾപ്പെടുന്നുവെന്നും ചാറ്റ്ബോട്ട് വിശദീകരിച്ചു. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ ഐറിഷ് പൗരത്വം ഉപേക്ഷിക്കേണ്ടി വരുമെന്നും, പൗരത്വം നൽകുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിന് വിധേയമായിട്ടായിരിക്കുമെന്നും ഗ്രോക് വ്യക്തമാക്കി.
തങ്ങൾ ജോലി കണ്ടെത്തുന്നതുവരെ കുടുംബത്തിന് ഇന്ത്യൻ സർക്കാരിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. എന്നാൽ ഇന്ത്യയിൽ പുതിയതായി എത്തുന്നവർക്കോ വിദേശികൾക്കോ പണമായുള്ള സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളോ തൊഴിലില്ലായ്മ വേതനമോ ലഭ്യമല്ലെന്നായിരുന്നു ഗ്രോക്കിന്റെ മറുപടി. റേഷൻ കാർഡുകൾ, പെൻഷനുകൾ എന്നിവ ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരത്വവും നിശ്ചിത യോഗ്യതകളും ആവശ്യമാണെന്നും, വിദേശികൾ സ്വന്തം നിലയിൽ ജീവിക്കണമെന്നും ചാറ്റ്ബോട്ട് ഓർമ്മിപ്പിച്ചു.
പോക്കർ ഗെയിമിൽ വിജയിച്ച് 100,000 യൂറോ സമ്മാനമായി ലഭിച്ചാൽ ഉടൻ തന്നെ സ്വന്തമായി വീട് വാങ്ങി ഹോട്ടൽ താമസം ഒഴിവാക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സംശയം. എന്നാൽ പണമുണ്ടെങ്കിലും വിദേശികളുടെ കുടിയേറ്റ, താമസ പദവിയെ ആശ്രയിച്ചായിരിക്കും ഇന്ത്യയിൽ സ്വത്ത് സ്വന്തമാക്കുന്നത് എന്ന് ഗ്രോക് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായ ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലിവ് മിന്റ് അടക്കമുള്ള മാധ്യമങ്ങളാണ് പുറത്തുവിട്ടത്.









