വാഷിംഗ്ടൺ: യുഎസ് സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷം, അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ അപ്രതീക്ഷിത വീഡിയോ പുറത്തുവിട്ട് ഭീകരസംഘടനയായ അൽ ഖ്വയ്ദ. അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക വേളയിലാണ് അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ‘അസ്-സഹാബ്’ (As-Sahab) പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘എ ക്വാർട്ടർ സെഞ്ചുറി ഓഫ് ദി 11 സെപ്റ്റംബർ റൈഡ്സ്’ (A Quarter Century of the 11 September Raids) എന്ന് പേരിട്ടിരിക്കുന്ന 50 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഹംസ ബിൻ ലാദന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട മുൻ അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ മുൻപ് കാണാത്ത അപൂർവ്വ ചിത്രങ്ങളും ഈ വീഡിയോയിലുണ്ട്.
2019 ഓഗസ്റ്റിൽ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തി മേഖലയിൽ യുഎസ് നടത്തിയ പ്രത്യാക്രമണത്തിൽ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ വലിയ തോതിൽ വാർത്ത നൽകിയിരുന്നു. എന്നാൽ ഹംസയുടെ മരണം അൽ ഖ്വയ്ദ ഇന്നുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ തങ്ങളുടെ മറ്റ് ഉന്നത നേതാക്കൾ കൊല്ലപ്പെടുമ്പോൾ പുറപ്പെടുവിക്കാറുള്ള അനുശോചന പ്രസ്താവനകൾ ഇറക്കുകയോ ചെയ്തിരുന്നില്ല. ഇതിനിടെ 2025-ൽ ഹംസ ജീവനോടെയുണ്ടെന്ന തരത്തിൽ ചില രഹസ്യാന്വേഷണ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2019 ഫെബ്രുവരിയിൽ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്കൻ ഭരണകൂടം പത്തുലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിതാവ് ഒസാമ ബിൻ ലാദന്റെ പിൻഗാമിയായും ഭീകരസംഘടനയുടെ ഭാവി തലവനായും സ്വയം അവരോധിക്കപ്പെടാനിരുന്ന വേളയിലായിരുന്നു ഹംസ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ വന്നത്.
പുറത്തുവന്ന പുതിയ വീഡിയോ 2014 സെപ്റ്റംബറിൽ പാകിസ്ഥാനിലെ കറാച്ചി നേവൽ ഡോക്ക് യാർഡിൽ അൽ ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തിന്റെ പഴയ ദൃശ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. അൽ ഖ്വയ്ദയുടെ കേന്ദ്ര നേതൃത്വത്തിലും പ്രചാരണ സംവിധാനങ്ങളിലും പാകിസ്ഥാൻ ഭീകരർക്കുള്ള ശക്തമായ സ്വാധീനമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. വീഡിയോയിൽ പലയിടങ്ങളിലായി പരമ്പരാഗത വെള്ള തലപ്പാവ് ധരിച്ച്, തകർന്ന മൺചുവരിന് മുന്നിൽ അരികിൽ അത്യാധുനിക തോക്കും വെച്ച് ഹംസ ബിൻ ലാദൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ആഗോള ജിഹാദിന്റെ പഴയകാല ദൃശ്യഭാഷ ഓർമ്മിപ്പിക്കുന്നതിനൊപ്പം, പിതാവിന്റെ യഥാർത്ഥ അനന്തരാവകാശി താനാണെന്ന് അടിവരയിട്ട് ഉറപ്പിക്കാനുമുള്ള വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അൽ ഖ്വയ്ദ തലവൻ സെയ്ഫ് അൽ അദ്ലിന്റെ നേതൃത്വത്തിലുള്ള പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും, ബിൻ ലാദൻ എന്ന പേര് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാനുമാണ് ഈ ഘട്ടത്തിൽ ഇത്തരം ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് ആഗോള നിരീക്ഷകരുടെ കണക്കുകൂട്ടൽ.










