ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ ചരക്കുകപ്പലിനു നേരെ നടന്ന ആക്രമണത്തെത്തുടർന്ന് ഇറാനും മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക യോഗം മാറ്റിവെച്ചു. ഒമാനുമായി ചേർന്ന് പുതിയ ഷിപ്പിംഗ് റൂട്ടുകളും സുരക്ഷിത യാത്രാമാർഗ്ഗങ്ങളും ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന യോഗമാണ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് പ്രാദേശിക സ്ഥിരതയ്ക്കും സഹകരണത്തിനും മുൻഗണന നൽകിക്കൊണ്ടാണ് യോഗം മാറ്റിവെച്ചതെന്ന് എക്സിലൂടെ വ്യക്തമാക്കിയത്.
ഇറാനും ഒമാനും തമ്മിൽ അടുത്തിടെ ഉണ്ടാക്കിയ പുതിയ കപ്പൽപാത കരാർ മറ്റ് ഗൾഫ് രാജ്യങ്ങളെ അറിയിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നടപടി. എന്നാൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുനൽകാൻ തയ്യാറല്ലെന്നും, അത് തുറക്കുന്നതിന് അമേരിക്ക അടക്കമുള്ളവർക്ക് മുൻപിൽ ഇറാൻ ചില കർശന ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ മിസൈലോ പ്രൊജക്ടൈലോ പതിക്കുകയായിരുന്നുവെന്നും, തുടർന്നുണ്ടായ തീപിടുത്തത്തെ തുടർന്ന് ജീവനക്കാരെ ഒഴിപ്പിച്ചതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. സംഭവത്തിന് പിന്നിൽ “തീവ്രവാദ ശത്രുക്കളാണെന്ന്” ഇറാൻ ഔദ്യോഗികമായി കുറ്റപ്പെടുത്തി.
ഇതിനിടെ, സൗദി അറേബ്യയുടെ കിഴക്ക്-പടിഞ്ഞാറൻ എണ്ണക്കടത്തു കുഴലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പൈപ്പ്‌ലൈൻ അടച്ചിട്ടിരിക്കുന്നതും എണ്ണ വിപണിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നത് ആഗോള വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സംഘർഷങ്ങൾക്കിടയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി ബന്ധം മെച്ചപ്പെടുത്താൻ താൽപ്പര്യപ്പെടുന്നുവെന്നും, ഭൂതകാലത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കിയിട്ടുണ്ട്.









