ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ റോഡ് റേസിനെത്തുടർന്ന് കാർ യാത്രികൻ ഇടിച്ചിട്ട് യുവതിയായ ബൈക്ക് യാത്രികയ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിയ എന്ന യുവതി തന്റെ അപ്രിൽയ സ്പോർട്സ് ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെയായിരുന്നു സംഭവം. റോഡിൽ വെച്ച് അപകടകരമായ രീതിയിൽ വാഹനം അടുപ്പിച്ച് നിർത്താൻ ആംഗ്യം കാണിച്ച വെളുത്ത സെഡാൻ കാറിലെ യാത്രികരോട് അകലം പാലിക്കാൻ സിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്നവർ ഇവരെ പിന്തുടരുകയും പ്രകോപനം സൃഷ്ടിക്കുകയുമായിരുന്നു.
തുടർന്ന് കാർ മനപ്പൂർവം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കാർ ഇടിച്ചതിനെത്തുടർന്ന് യുവതി റോഡിലൂടെ കുറേ ദൂരം വലിച്ചിടപ്പെടുകയും, ബൈക്ക് തെറിച്ച് മറ്റൊരു ഭാഗത്തേക്ക് പോവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെയും സുഹൃത്തുക്കളുടെയും ബൈക്കുകളിൽ ഘടിപ്പിച്ചിരുന്ന ക്യാമറകളിൽ പതിഞ്ഞിരുന്നു.
ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ സുഹൃത്തുക്കൾ അടുത്തുള്ള ട്രാഫിക് സിഗ്നലിൽ വെച്ച് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വേഗത്തിൽ വാഹനം ഓടിച്ചുപോകുകയായിരുന്നു. സംഭവത്തിൽ കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. തുടക്കത്തിൽ പൊലീസിൽ ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെങ്കിലും, ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.








