തിരുവനന്തപുരം: മുൻ എം.എൽ.എ പി.കെ. ശശിക്കെതിരെയുള്ള സാമ്പത്തിക-സദാചാര ആരോപണങ്ങൾ സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങും മുൻപേ പാലക്കാട് സി.പി.എമ്മിനെ വെട്ടിലാക്കി പുതിയ വിവാദം. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ സെക്രട്ടറിയുമായ യുവനേതാവിനെതിരെ സ്വന്തം ഭാര്യയാണ് ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. പാർട്ടിയുടെ തന്നെ പ്രാദേശിക നേതാവായ സ്ത്രീയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ഭർത്താവിന്റെ പരസ്ത്രീ ബന്ധം തിരിച്ചറിഞ്ഞ ശേഷവും കുടുംബജീവിതം തകരാതിരിക്കാൻ പലവട്ടം താൻ പൊറുത്ത് കൂടെനിന്നെന്നും, എന്നാൽ അതിന് ശേഷവും അദ്ദേഹം ഈ ബന്ധം തുടരുകയാണെന്നും ഭാര്യ സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ സജീവ പ്രവർത്തക കൂടിയായ സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ഈ ആരോപണങ്ങൾ മുഴുവൻ ഉയർന്നിട്ടുള്ളത്. ഗുരുതരമായ സദാചാര ലംഘനം ചൂണ്ടിക്കാട്ടി മൂന്ന് മാസം മുൻപ് തന്നെ ഭാര്യ രേഖാമൂലം പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
പി.കെ. ശശിക്കെതിരായ ആരോപണങ്ങളിൽ കടുത്ത നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതമായ സാഹചര്യത്തിന് പിന്നാലെയാണ് ജില്ലയിലെ മറ്റൊരു പ്രമുഖ യുവനേതാവിനെതിരെ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഉൾപ്പാർട്ടി പോരും രൂക്ഷമായി തുടരുന്നതിനിടെയാണ് ഉയർന്ന നേതാക്കൾക്കെതിരെയുള്ള ഇത്തരം സദാചാര പ്രശ്നങ്ങളും സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാകുന്നത്. മാസങ്ങളായി പൂഴ്ത്തിവെച്ചിരിക്കുന്ന ഈ പരാതിയിൽ പാർട്ടി അടിയന്തരമായി എന്ത് നടപടി സ്വീകരിക്കുമെന്നാണ് അണികളും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.











