കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഏറെ ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ മാതാവ് ഹസിറാണി രഥിനെയാണ് പാർട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നത്. മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രനാഥ് രഥ് കഴിഞ്ഞ മേയ് മാസത്തിൽ ആക്രമികളുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയായി അധികാരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ കൊലപാതകം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ അഞ്ച് തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള ഹസിറാണി രഥിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ പാർട്ടിക്ക് അനുകൂലമായ വൈകാരിക തരംഗം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരുപോലെ വിജയിച്ച സുവേന്ദു അധികാരി ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാം മണ്ഡലത്തിൽ നിന്നും രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നന്ദിഗ്രാമിന് പുറമെ മുർഷിദാബാദ് ജില്ലയിലെ റെജിനഗർ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയായി മുൻ ജില്ലാ പ്രസിഡന്റ് സഖാരവ് സർക്കാരിനെയും ബിജെപി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബർ ആറിനാണ് ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഇടത് മുന്നണി എന്നീ മുന്നണികളെല്ലാം തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
തനിക്കേറ്റവും പ്രിയപ്പെട്ട സഹായിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും അവരെ നന്ദിഗ്രാമിന്റെ ജനപ്രതിനിധിയാക്കാൻ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി ഉറപ്പുനൽകി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രദർശനം നടത്തിയ ഹസിറാണി രഥ്, പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർണ്ണ ആത്മാർത്ഥതയോടെ നിറവേറ്റുമെന്ന് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ സഞ്ചിത പ്രധാൻ ദേയിയോടാണ് ഹസിറാണി പ്രധാനമായും മത്സരിക്കുന്നത്. ഒക്ടോബർ ഒൻപതിന് വോട്ടെണ്ണൽ നടക്കുമ്പോൾ നന്ദിഗ്രാമിന്റെ വോട്ടർമാർ ആർക്കൊപ്പമാണെന്ന് വ്യക്തമാകും.








