ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ ഗ്യാരണ്ടി പദ്ധതികൾ അന്താരാഷ്ട്ര തലത്തിൽ തരംഗമാവുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രമുഖ തിരഞ്ഞെടുപ്പ് വാഗ്ദാനം കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോപ്പിയടിച്ചതാണെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം ‘ട്രംപ് ഡിവിഡന്റ്’ ആയി നൽകുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിനെ ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ ഗ്യാരണ്ടി സ്കീമുകൾ രാജ്യാന്തര തലത്തിൽ മാതൃകയാവുകയാണെന്ന് ശിവകുമാർ വ്യക്തമാക്കിയത്. പ്രതിപക്ഷം മുൻപ് തങ്ങളുടെ ഗ്യാരണ്ടി പദ്ധതികളെ അപ്രായോഗികമെന്ന് വിളിച്ച് പരിഹസിച്ചുവെന്നും എന്നാൽ ഇന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല, അമേരിക്കയിലെ ട്രംപ് പോലും ഈ കർണാടക മോഡൽ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് ഡോളർ തരാം എന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്, ഞങ്ങളുടെ ആശയം ലോകമെമ്പാടും പടരുകയാണ്” എന്നും ഡി.കെ കൂട്ടിച്ചേർത്തു.
ജാതിയോ രാഷ്ട്രീയമോ നോക്കാതെയാണ് കർണാടകയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഗ്യാരണ്ടി പദ്ധതികൾ എത്തിക്കുന്നത്. 4.44 കോടി ജനങ്ങൾക്കാണ് സംസ്ഥാനത്ത് സൗജന്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നത്. രാജ്യത്തിന് തന്നെ വഴികാട്ടിയായ ഇത്തരം പദ്ധതികളിലൂടെ ഭരണത്തെ ജനങ്ങളുടെ പടിക്കൽ എത്തിക്കാൻ കോൺഗ്രസിന് സാധിച്ചെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.









