”അഫ്ഗാനിസ്ഥാൻ ഒരുക്കിയിട്ടുള്ള ഫീൽഡ് നോക്കൂ. അതൊരു സൂചനയാണ്. ബാറ്ററുടെ ഓഫ്സ്റ്റംമ്പിന് പുറത്ത് ബോളുകൾ വരും എന്ന സൂചന…!” സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ ഈ വരികൾ പറഞ്ഞപ്പോഴേയ്ക്കും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം അഞ്ച് ഓവറുകളിൽനിന്ന് 55 റൺസ് നേടിക്കഴിഞ്ഞിരുന്നു. അഫ്ഗാനികൾ ഉയർത്തിയ 160 എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ഇന്ത്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് മൊഹമ്മദ് നബി എന്ന വെറ്ററൻ താരം പോരിനിറങ്ങിയത്. ഓഫ്സ്റ്റംമ്പിന് പുറത്ത് ആക്രമണം നടത്തും എന്നൊരു പ്രതീതി നബി ഫീൽഡ് സെറ്റിങ്ങിലൂടെ സൃഷ്ടിച്ചു. എന്നിട്ട് നല്ല സ്പീഡിൽ സ്റ്റംമ്പിനുനേരെ പന്തെറിഞ്ഞു. പക്ഷേ ക്രീസിൽ ഉണ്ടായിരുന്ന ബാറ്റർ അതിസമർത്ഥനായിരുന്നു. നബി മനസ്സിൽ കണ്ടത് അയാൾ മാനത്ത് കണ്ടു ഒരു കിടിലൻ സ്ലോഗ്സ്വീപ് പിറവികൊണ്ടു, സിക്സർ. കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. അതേ ഓവറിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും കൂടി നബി വിട്ടുകൊടുത്തു.
നബി ആദ്യമായി അഫ്ഗാനിസ്ഥാനുവേണ്ടി ബൂട്ടുകെട്ടിയ സമയത്ത് കേവലം 9 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരാളാണ് നബിയെ ഇപ്രകാരം ക്രൂരമായി തല്ലിച്ചതച്ചത്, പേര് സഞ്ജു വിശ്വനാഥ് സാംസൺ. ഒരുപാട് പ്രത്യേകതകൾ ഉള്ള ഇന്നിംഗ്സാണ് സഞ്ജു ന്യൂഡെൽഹിയിൽ കളിച്ചത്. 22 പന്തുകളിൽ നിന്ന് 57 റൺസ്. കഴിഞ്ഞ ടി-20 മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത് അസ്മത്തുള്ള ഒമർസായി ആയിരുന്നു. അസ്മത്തിനെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടാണ് സഞ്ജു പ്രയാണം തുടങ്ങിയത്. സഞ്ജുവിൻ്റെ ഒരു ഹിറ്റ് നോൺ-സ്ട്രൈക്കർ എൻഡിലെ സ്റ്റംമ്പ്സിലാണ് തട്ടിയത്. എന്നിട്ടും ബോൾ വേലി കടന്നു! ആ ഷോട്ടിന് അത്രയും മികച്ച ടൈമിംഗ് ഉണ്ടായിരുന്നു.
നബിയ്ക്കെതിരെ സഞ്ജു കളിച്ച ചില ഷോട്ടുകൾ ശരിക്കും വിസ്മയിപ്പിച്ചു. കാണികൾ മനസ്സിൽ ചോദിച്ചു-എങ്ങനെയാണ് ബാക്ക്ഫൂട്ടിൽ സഞ്ജുവിന് ഇത്രയേറെ കരുത്ത് കിട്ടുന്നത്!? റഷീദ് ഖാനാണ് സഞ്ജുവിനെ പുറത്താക്കിയത്. പക്ഷേ അതിനുമുമ്പ് റഷീദും സഞ്ജുവിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞിരുന്നു. 2026-ലെ ടി-20 ലോകകപ്പ് ഇന്ത്യയുടെ ഷോ കേസിൽ എത്തിച്ചത് സഞ്ജുവായിരുന്നു. അത്തരമൊരു പ്രകടനം ഋഷഭ് പന്തോ ശുഭ്മാൻ ഗില്ലോ നടത്തിയിരുന്നുവെങ്കിൽ ചുരുങ്ങിയത് രണ്ട് വർഷത്തേയ്ക്കെങ്കിലും അവർക്ക് ടി-20 ടീമിൽ സ്ഥിരം സ്ഥാനം കിട്ടുമായിരുന്നു.
എന്നാൽ സഞ്ജുവിൻ്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. രണ്ടോ മൂന്നോ പരാജയങ്ങൾ വന്നപ്പോഴേയ്ക്കും സഞ്ജുവിനെ ടീമിൽ നിന്ന് തഴഞ്ഞു. അയാളുടെ ആത്മവിശ്വാസം മുഴുവനായും ചോർത്തിക്കളഞ്ഞു. പക്ഷേ സഞ്ജുവിന് ഒരു ചരിത്രമുണ്ട്! അയാൾ ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാനാണ്! അതാണ് നാം ഡെൽഹിയിൽ കണ്ടത്. 1996-ലെ ലോകകപ്പ് ശ്രീലങ്കയ്ക്ക് നേടിക്കൊടുത്തത് അരവിന്ദ ഡിസിൽവ ആയിരുന്നു. 2001-ൽ അരവിന്ദയെ ശ്രീലങ്ക ടീമിൽനിന്ന് പുറത്താക്കി.
പക്ഷേ അരവിന്ദ കീഴടങ്ങാൻ കൂട്ടാക്കിയില്ല. മൂന്ന് മാസങ്ങൾകൊണ്ട് 11 കിലോ ശരീരഭാരം കുറച്ച് അരവിന്ദ ടീമിൽ തിരിച്ചെത്തി.
അതുപോലെയാണ് സഞ്ജുവിൻ്റെ മടങ്ങിവരവ്. പുറത്താക്കപ്പെട്ട കാലത്ത് സഞ്ജു ജിംനേഷ്യത്തിൽ കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോൾ കാണുന്നത് കൂടുതൽ ഫിറ്റ് ആയ സഞ്ജുവിനെയാണ്.
അരവിന്ദയുടെ ഓമനപ്പേര് മാഡ് മാക്സ് എന്നായിരുന്നു. ആ വിശേഷണം സഞ്ജുവിനും ഇണങ്ങും. തന്നെ അകാരണമായി ദ്രോഹിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റത്തെ സഞ്ജു കടപുഴക്കി എറിയാൻ പോവുകയാണ്! സഞ്ജുവിൻ്റെ ബാറ്റിങ്ങ് ഭ്രാന്തിൽ സഞ്ജു വിരോധികൾ നീറിയെരിയാൻ പോവുകയാണ്!!
എഴുത്ത് : സന്ദീപ് ദാസ്












