സ്ത്രീകളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (PCOS) എന്ന ആരോഗ്യപ്രശ്നത്തെ ഇനിമുതൽ വെറുമൊരു ഹോർമോൺ വ്യതിയാനമായോ അണ്ഡാശയ പ്രശ്നമായോ മാത്രം കാണാനാവില്ല. രോഗത്തിന്റെ സങ്കീർണ്ണതയും ഭീകരതയും വ്യക്തമാക്കുന്നതിനായി പി.സി.ഒ.എസ് എന്ന പേര് മാറ്റി പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം (PMOS) എന്നാക്കി മാറ്റാൻ ഒരുങ്ങുകയാണ് ആഗോള ആരോഗ്യലോകം. പ്രമുഖ ശാസ്ത്ര മാസികയായ ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച മോണാഷ് യൂണിവേഴ്സിറ്റിയുടെ പഠനറിപ്പോർട്ടിലാണ് ഈ നിർണ്ണായക പേരുമാറ്റത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്.
ലോകമെമ്പാടുമുള്ള എട്ടിൽ ഒരു സ്ത്രീയെ വീതം ബാധിക്കുന്ന ഈ അവസ്ഥ അണ്ഡാശയത്തിലെ സിസ്റ്റുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന തിരിച്ചറിവാണ് പുതിയ മാറ്റത്തിന് വഴിതുറന്നത്. പി.സി.ഒ.എസ് എന്ന് കേൾക്കുമ്പോൾ അണ്ഡാശയത്തിൽ ഉണ്ടാകുന്ന ചെറിയ മുഴകൾ (Cysts) മാത്രമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ രോഗ നിർണ്ണയം നടത്തുന്ന പല സ്ത്രീകളുടെയും അണ്ഡാശയത്തിൽ ഇത്തരം സിസ്റ്റുകൾ ഉണ്ടാകാറില്ലെന്നതാണ് വസ്തുത. മറിച്ച് ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെയും എൻഡോക്രൈൻ വ്യവസ്ഥയെയും ആകെ തകരാറിലാക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം, ക്രമാതീതമായ വണ്ണവർദ്ധനവ്, മുഖത്തെ അനാവശ്യ രോളവളർച്ച, അതികഠിനമായ മുഖക്കുരു, ക്രമം തെറ്റിയ ആർത്തവം എന്നിവയ്ക്ക് പുറമെ ടൈപ്പ്-2 പ്രമേഹം, അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ, വന്ധ്യത, വിഷാദരോഗം, ഉയർന്ന ഹൃദ്രോഗ സാധ്യത എന്നിവയിലേക്ക് വരെ ഇത് വഴിതെളിക്കാം. പലപ്പോഴും സാധാരണ മൂഡ് സ്വിങ്സ് മാത്രമായി കണ്ട് സ്ത്രീകൾ ഇത് അവഗണിക്കാറാണ് പതിവ്. എന്നാൽ രോഗനിർണ്ണയം വൈകുന്നത് ഭാവിയിൽ ജീവന് തന്നെ ഭീഷണിയാകുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
രോഗത്തിന്റെ പേര് പി.എം.ഒ.എസ് എന്ന് മാറുന്നതോടെ ഇതിന്റെ മെറ്റബോളിക്, ഹോർമോൺ തലങ്ങളെക്കുറിച്ച് സമൂഹത്തിലും ആരോഗ്യ മേഖലയിലും കൂടുതൽ ജാഗ്രതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കൃത്യസമയത്തുള്ള രോഗനിർണ്ണയം, ആരോഗ്യകരമായ ഭക്ഷണരീതി, പതിവ് വ്യായാമം, ശരീരഭാരം ക്രമീകരിക്കൽ എന്നിവയിലൂടെ ഈ അവസ്ഥയെ വിജയകരമായി നിയന്ത്രിച്ചു നിർത്താൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.












