കാർഷിക മേഖലയിലോ ഭക്ഷ്യ സംസ്കരണ രംഗത്തോ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പിഎംഎഫ്എംഇ (Prime Minister’s Formalisation of Micro Food Processing Enterprises Scheme – PMFME). കാർഷിക പുരോഗതി, തൊഴിലവസര സൃഷ്ടി, സാങ്കേതികവിദ്യയുടെ വികസനം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ആകർഷകമായ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്.
ഭക്ഷ്യ സംസ്കരണ മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്കാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും പിന്തുണ നൽകുന്നത്. ബാങ്ക് വായ്പയുടെ 35 ശതമാനം വരെ നേരിട്ട് സബ്സിഡിയായി ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. സബ്സിഡി തുകയിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. വ്യക്തിഗത സംരംഭകർക്ക് പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തിൽ സബ്സിഡിയായി സ്വന്തമാക്കാം. അതായത് എടുത്ത ബാങ്ക് വായ്പയിൽ ലഭിക്കുന്ന സബ്സിഡി തുക കിഴിച്ചുള്ള തുക മാത്രം തിരിച്ചടച്ചാൽ മതിയാകും. രാജ്യവ്യാപകമായി 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വ്യക്തികൾക്ക് പുറമെ സ്വയംസഹായ സംഘങ്ങൾക്കും കർഷക ഉൽപാദക കമ്പനികൾക്കും (FPO) വൻ ആനുകൂല്യങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. കുടുംബശ്രീ ഉൾപ്പെടെയുള്ള സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും സംരംഭകത്വത്തിനായി 40,000 രൂപ വീതം സബ്സിഡി ലഭിക്കും. ഉദാഹരണത്തിന് അഞ്ചുപേർ ചേർന്ന് ഒരു യൂണിറ്റ് ആരംഭിക്കുകയാണെങ്കിൽ മൊത്തം വായ്പയിൽ രണ്ട് ലക്ഷം രൂപ സബ്സിഡിയായി കിഴിവ് ലഭിക്കും. വലിയ പ്രൊഡ്യൂസർ കമ്പനികൾ, സംഘങ്ങൾ എന്നിവയ്ക്ക് കോമൺ അടിസ്ഥാന സൗകര്യ വികസനത്തിനും മൂല്യവർദ്ധനവ് അടിസ്ഥാനമാക്കിയുള്ള പ്രോജക്റ്റുകൾക്കുമായി പരമാവധി 3 കോടി രൂപ വരെ സബ്സിഡി സഹായവും ഈ പദ്ധതി വഴി ലഭ്യമാകും.










