സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി മുൻകൂട്ടിക്കണ്ട് നേരിടുന്നതിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (കെ.എസ്.ഇ.ബി.) വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി ഈ വിമർശനം ഉന്നയിച്ചത്. ഇടുക്കിയിൽ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചത് ഉടൻ പ്രവർത്തനക്ഷമമാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
എന്നാൽ വാർഷിക അറ്റകുറ്റപ്പണി ഒഴിവാക്കാനാകാത്തതിനാലാണ് ജനറേറ്റർ പ്രവർത്തനം നിർത്തിയതെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്ന് മന്ത്രി സണ്ണിജോസഫ് വിശദീകരിച്ചു. വൈദ്യുതി നിയന്ത്രണം ഒരാഴ്ചകൊണ്ട് പൂർണമായി ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുമെന്നും, സ്റ്റോറേജ് സംവിധാനം ഉറപ്പാക്കിക്കൊണ്ട് പുതിയ വൈദ്യുതി നയം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.








