ഇന്ത്യയിൽ പുതിയ അർദ്ധചാലക (സെമികണ്ടക്ടർ) വസ്തുക്കളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 83 മില്യൺ ഡോളർ (ഏകദേശം 800 കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രമുഖ ജാപ്പനീസ് കമ്പനിയായ ഫുജിഫിലിം പ്രഖ്യാപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 2026 ഒക്ടോബർ മുതൽ രണ്ട് ഘട്ടങ്ങളായാണ് ഈ തുക നിക്ഷേപിക്കുന്നത്.
പുതിയ ഗ്രീൻഫീൽഡ് നിർമ്മാണ യൂണിറ്റിലെ വാണിജ്യ ഉൽപ്പാദനം 2028 സാമ്പത്തിക വർഷത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ വളർച്ചയ്ക്കും ഉപഭോക്തൃ ആവശ്യങ്ങൾക്കും അനുസൃതമായാണ് രണ്ട് ഘട്ടങ്ങളായുള്ള നിക്ഷേപ പദ്ധതി കമ്പനി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഫ്രണ്ട്-എൻഡ് പ്രക്രിയ രാസവസ്തുക്കളുടെ നിർമ്മാണത്തെ പിന്തുണയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
സെമികണ്ടക്ടർ വ്യവസായത്തിന്റെ വളർച്ചാ വേഗതയ്ക്ക് അനുസൃതമായി രണ്ടാം ഘട്ടത്തിൽ സെമികണ്ടക്ടർ ഉപരിതല കണ്ടീഷനിംഗ് വസ്തുക്കളും ഉയർന്ന ശുദ്ധിയുള്ള രാസവസ്തുക്കളും നിർമ്മിക്കുന്ന മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. കേന്ദ്ര സർക്കാർ 2026 ജൂലൈയിൽ അംഗീകരിച്ച ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ISM 2.0) നയവുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഫുജിഫിലിമിന്റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.








