പാകിസ്ഥാൻ-ചൈന അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. പാകിസ്ഥാൻ-ചൈന അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളിക്കളഞ്ഞു. ന്യൂഡൽഹി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതായി കാണുന്ന പ്രദേശങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ പാകിസ്ഥാന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇസ്ലാമാബാദിൽ നടന്ന കമ്മീഷന്റെ ആദ്യ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനും ചൈനയും തമ്മിൽ ഒരു അതിർത്തിയില്ലെന്നും, യാതൊരു നിയമപരമായ അടിത്തറയുമില്ലാത്ത ഈ കമ്മീഷനെ തള്ളിക്കളയുന്നുവെന്നും ജൈസ്വാൾ പറഞ്ഞു.
അതിർത്തി പരിപാലനം, സംയുക്ത അതിർത്തി സർവേകൾ, വ്യാപാരം എന്നിവയിലെ സഹകരണം ചർച്ച ചെയ്യാനാണ് കമ്മീഷന്റെ ആദ്യ യോഗം ചേർന്നത്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അഭിവാജ്യ ഘടകങ്ങളാണെന്നും എന്നും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. പാകിസ്ഥാന്റെ അനധികൃത കൈവശത്തിലുള്ള ഇന്ത്യൻ ഭൂപ്രദേശങ്ങളെക്കുറിച്ച് കരാറുകളിൽ ഏർപ്പെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ വടക്കൻ പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുത്ത 1963 ലെ ചൈന-പാകിസ്ഥാൻ അതിർത്തി കരാറിനെ ഇന്ത്യ തുടക്കം മുതലേ എതിർത്തു വരുന്നുണ്ട്. ഇന്ത്യ അവകാശപ്പെടുന്ന പ്രദേശത്ത് ഇത്തരം കരാറുകളിൽ ഏർപ്പെടാൻ പാകിസ്ഥാന് അധികാരമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
1963 ലെ കരാർ ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് നിയമവിരുദ്ധവും അസാധുവാണെന്നും ജൈസ്വാൾ വ്യക്തമാക്കി. ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നതിന് പകരം, അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഉടൻ പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ-ചൈന സാമ്പത്തിക ഇടനാഴിയെയും (CPEC) ഇന്ത്യ എതിർക്കുന്നുണ്ട്. പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന ജമ്മു കശ്മീരിലൂടെയാണ് ഈ പദ്ധതി കടന്നുപോകുന്നത്. ഇന്ത്യ അവകാശപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബീജിംഗും ഇസ്ലാമാബാദും നടത്തുന്ന അതിർത്തി സഹകരണ ശ്രമങ്ങൾ ഇന്ത്യയുടെ പരമാധികാര അവകാശങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അനധികൃത കൈവശത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും ഈ പുതിയ സംഭവവികാസങ്ങൾ തങ്ങളുടെ ദീർഘകാല നിലപാടുകളെ മാറ്റില്ലെന്നും ഇന്ത്യ ആവർത്തിച്ചു.








