യെമനിൽ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതി വിമതരുടെ അവകാശവാദം. മാരിബ് പ്രവിശ്യയുടെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് തദ്ദേശീയമായി നിർമിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ച് യുദ്ധവിമാനം വീഴ്ത്തിയതെന്ന് ഹൂതി സൈനിക വക്താവ് എക്സിലൂടെ അറിയിച്ചു. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളും ഹൂതികൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഇതുവരെ ഉറപ്പുവരുത്താനായിട്ടില്ല.
സംഭവത്തിൽ സൗദി അറേബ്യ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതിവിമതരും സൗദി അറേബ്യയും തമ്മിൽ പുതിയ പോർമുഖം തുറന്നത് ഗൾഫ് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ഇതിനിടയിൽ, വിശുദ്ധ മക്കയ്ക്കുനേരേ ഹൂതികൾ ഡ്രോൺ ആക്രമണത്തിനു ശ്രമിച്ചെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് തെക്കുനിന്നെത്തിയ ഡ്രോൺ മക്കയുടെ നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിനു മുൻപ് വ്യോമപ്രതിരോധസംവിധാനം തകർത്തെന്ന് സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. വിശുദ്ധ കേന്ദ്രങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരേ ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ അയച്ചെന്ന ആരോപണം ഹൂതികൾ പൂർണ്ണമായി നിഷേധിച്ചു. മക്കയെയോ മറ്റ് ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഈ ആരോപണം വ്യാജമാണെന്നുമാണ് അവരുടെ നിലപാട്. 2017-ൽ മക്ക ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച സംഭവത്തിനുശേഷം ആദ്യമായാണ് വിശുദ്ധനാടിനുനേരേ ഇത്തരം ഒരു ആക്രമണശ്രമം ആരോപിക്കപ്പെടുന്നത്. ഈ സംഭവങ്ങളെത്തുടർന്ന് മക്കയിലും തായിഫ്, ജിദ്ദ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








