തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഎം രംഗത്ത്. വാണിജ്യ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് മൃഗശാലയുടെ സ്ഥലം മുതലാളിമാർക്ക് മറിച്ചുനൽകാനാണ് ഈ നീക്കമെന്ന് മുൻ എം.എൽ.എ വി.കെ. പ്രശാന്ത് ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്നതും എട്ട് കോടി രൂപയോളം വരുമാനമുള്ളതുമായ മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൃഗങ്ങളിൽ നിന്ന് രോഗം പകരുമെന്ന മേയറുടെ വാദം കേട്ടുകേൾവിയില്ലാത്തതാണെന്നും, നഗരത്തെ നശിപ്പിക്കാനുള്ള ഈ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും പ്രശാന്ത് പറഞ്ഞു. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി നേരിട്ട് ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും, നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നുമായിരുന്നു ‘റീ ഇമേജനിങ് കേരളം’ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പരാമർശം.
നെയ്യാർ പോലെ വനമേഖലയോട് ചേർന്നുള്ള സ്ഥലത്തേക്ക് മൃഗശാല മാറ്റുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും, പഴയ സ്ഥലം മാഡിസൺ സ്ക്വയർ പോലെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ മുഖ്യമന്ത്രിയുടെ ഈ ആശയത്തെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് സ്വാഗതം ചെയ്തിരുന്നു. പുതിയ കാലത്തെ നഗരവികസനത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്നായിരുന്നു മേയറുടെ നിലപാട്. 36 ഏക്കറോളം വരുന്ന സ്ഥലത്തുള്ള മൃഗശാലയുടെ സ്ഥലപരിമിതിയും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു മുൻപും മാറ്റം സംബന്ധിച്ച ചർച്ചകൾ ഉയർന്നിട്ടുണ്ടെങ്കിലും, അന്നൊന്നും അത് അത്ര മുന്നോട്ട് പോയിരുന്നില്ല .








