ഡ്രോണുകളും ക്രൂയിസ് മിസൈലുകളും തമ്മിലുള്ള അന്തരം ഇല്ലാതാക്കിക്കൊണ്ട് റഷ്യയുടെ പുതിയ ജെറ്റ് പവേർഡ് ജെറാൻ-5 ഡ്രോണുകൾ യുക്രെയ്ൻ യുദ്ധത്തിൽ കനത്ത വെല്ലുവിളിയായി മാറുന്നു. മണിക്കൂറിൽ 600 കിലോമീറ്ററിലധികം വേഗതയും 6,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനുള്ള ശേഷിയുമുള്ള ഈ ഡ്രോണുകൾ യുക്രെയ്ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. യുക്രെയ്ന്റെ വ്യോമ പ്രതിരോധ കവചങ്ങളെ തകർക്കാനും, അവരുടെ ഇന്റർസെപ്റ്റർ മിസൈൽ ശേഖരം തീർക്കാനും, ജനങ്ങളുടെ മനോവീര്യം തകർക്കാനുമാണ് റഷ്യ ഈ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഈ ഡ്രോണുകളെ എങ്ങനെ നേരിടണമെന്ന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് യുക്രെയ്ന്റെ മൂന്നാം ആർമി കോർപ്സിന്റെ ഡെപ്യൂട്ടി കമാൻഡർ മക്സിം ഷോറിൻ തുറന്നുപറയുകയുണ്ടായി.
പഴയ ഇറാനിയൻ ഷഹേദ് ഡ്രോണുകൾക്കെതിരെ ഫലപ്രദമായിരുന്ന യുക്രെയ്ന്റെ മൊബൈൽ ആന്റി-ഡ്രോൺ സംഘങ്ങൾക്കും മെഷീൻ ഗണ്ണുകൾക്കും പുതിയ ജെറ്റ് വേഗതയുള്ള ജെറാൻ ഡ്രോണുകളെ തടയാൻ കഴിയുന്നില്ല. പരമ്പരാഗത പ്രൊപ്പല്ലർ ഡ്രോണുകൾക്കായി സജ്ജീകരിച്ചിരുന്ന യുക്രെയ്ന്റെ പ്രതിരോധ സംവിധാനങ്ങളെല്ലാം വേഗതയും ഉയർന്ന ഉയരവും കാരണം ജെറാൻ ഡ്രോണുകൾ മറികടക്കുകയാണ്. ചെലവേറിയ മിസൈലുകൾ ഉപയോഗിച്ച് ഇവയെ വെടിവെച്ചിടുക മാത്രമാണ് യുക്രെയ്ന് മുന്നിലുള്ള ഏക പോംവഴി. എന്നാൽ മിസൈലുകളുടെ ഉയർന്ന വിലയും ദൗർലഭ്യവും യുക്രെയ്ന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റഷ്യ നിലവിൽ അലാബുഗ പ്രത്യേക സാമ്പത്തിക മേഖലയിൽ വെച്ചാണ് ജെറാൻ-5 ഡ്രോണുകൾ വൻതോതിൽ ഉത്പാദിപ്പിക്കുന്നത്.
മാസത്തിൽ ആയിരക്കണക്കിന് ജെറ്റ് പവേർഡ് ഡ്രോണുകളാണ് റഷ്യ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത്. ആഗസ്റ്റ് മാസം മാത്രം ഏകദേശം 2,850 ഡ്രോണുകളാണ് റഷ്യ തൊടുത്തുവിട്ടത്. ഈ ആക്രമണങ്ങളിൽ ഭൂരിഭാഗവും ജെറ്റ് പവേർഡ് ഡ്രോണുകളായിരുന്നു. പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള വിദ്യകളും ഈ ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. യുക്രെയ്ന്റെ ഊർജ്ജ ഗ്രിഡുകൾ, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധ ഉൽപ്പാദനം എന്നിവയെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ തന്ത്രം യുക്രെയ്ന്റെ സൈനിക ശേഷിയെയും സാധാരണക്കാരുടെ മനോവീര്യത്തെയും ഒരുപോലെ തകർക്കുന്നതാണ്. ഇതിനെതിരെ ചെലവുകുറഞ്ഞ ഉയർന്ന വേഗതയുള്ള ഇന്റർസെപ്റ്ററുകൾ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യുക്രെയ്ൻ. എന്നാൽ ഈ ആധുനിക ഡ്രോൺ യുദ്ധമുറ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ വ്യോമ പ്രതിരോധ തന്ത്രങ്ങളെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.








