ഒരു കാലത്ത് രാജ്യത്തെ നടുക്കിയ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിടുകയും ഗ്രാമീണരെ ഗറില്ലാ പോരാളികളാക്കി മാറ്റുകയും ചെയ്ത മുൻ അധ്യാപകൻ കൂടിയായ ‘ഗണപതി’ എന്ന മുപ്പള ലക്ഷ്മൺ റാവു എവിടെ? ഇന്ത്യയിലെ നക്സൽ പ്രസ്ഥാനം ചാരമായി മാറുമ്പോഴും, ഒരൊറ്റ ചിത്രത്തിന്റെ മാത്രം ബലത്തിൽ രാജ്യത്തെ അന്വേഷണ ഏജൻസികൾ തിരയുന്ന ആ പ്രമുഖ നേതാവ് എവിടെയെന്ന ചോദ്യം ഇന്നും ദുരൂഹമായി തുടരുന്നു.
2013-ലെ ക്രൂരമായ ജീറം താഴ്‌വര ആക്രമണത്തിൽ ഉൾപ്പെടെ 27 കോൺഗ്രസ് നേതാക്കളുടെ മരണത്തിന് ഇടയാക്കിയ കേസിൽ 10 മാവോയിസ്റ്റുകൾക്ക് റായ്പൂർ കോടതി അടുത്തിടെ വധശിക്ഷ വിധിച്ചിരുന്നു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അസീം മണ്ഡൽ കീഴടങ്ങുകയും മിസിർ ബെസ്ര അടക്കമുള്ള പ്രമുഖ നേതാക്കൾ പിടിയിലാകുകയും ചെയ്തതോടെ മാവോയിസ്റ്റ് കേന്ദ്ര നേതൃത്വം പൂർണ്ണമായി തകർന്നു. ആറു പതിറ്റാണ്ടിനു ശേഷം നക്സൽ സ്വാധീന മേഖലകളിൽ തോക്കുകളുടെ ശബ്ദം നിലച്ചതായി രാജ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, ഗണപതിയെന്ന മാവോയിസ്റ്റ് മാസ്റ്റർമൈൻഡ് മാത്രം ഇപ്പോഴും ഏജൻസികൾക്ക് പിടികൊടുക്കാതെ ഒളിവിലാണ്.
കീഴടങ്ങിയ മുതിർന്ന കമാൻഡർമാരിൽ നിന്ന് ഐ.ബിയും പൊലീസും പ്രധാനമായും ചോദിക്കുന്നത് ഗണപതിയുടെ ഒളിത്താവളത്തെക്കുറിച്ചാണ്. നേപ്പാളിലാണോ അതോ തെലങ്കാനയിലെയും ബസ്തറിലെയും വനമേഖലകളിൽ വ്യാജ പേരിൽ ജീവിക്കുകയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. തെലങ്കാനയിലും ബിജാപൂരിലും ഇയാളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. എഴുപതുകളുടെ അവസാനത്തിൽ ഒളിവിൽ പോയ ഗണപതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ നൽകാൻ കീഴടങ്ങിയ നേതാക്കൾക്ക് സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ ഏജൻസികൾ.











