മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലേക്ക് അവിഹിതമായി കടന്നുകയറിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 27 ബംഗ്ലാദേശ് പൗരന്മാരെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിലും രംഗിയയിലുമായി നടത്തിയ രണ്ട് വ്യത്യസ്ത തിരച്ചിലുകളിലാണ് ഇവരെ പൊലീസ് പിടികൂടിയത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ തിരികെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് (Push back) അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പൊലീസും റെയിൽവേ അധികൃതരും ചേർന്ന് റെയ്ഡ് നടത്തിയത്. ഗുവാഹത്തിയിലെ അസം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ASTC) ക്യാമ്പസിൽ നിന്ന് ആദ്യഘട്ടത്തിൽ 12 പേരെ ബോർഡർ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കുലേന്ദ്ര നാഥ് ഡാക്കയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജമ്മു താവി എക്സ്പ്രസിൽ യാത്ര ചെയ്യുന്ന മറ്റൊരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
തുടർന്ന് ബോർഡർ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഗവൺമെന്റ് റെയിൽവേ പൊലീസും (GRP) റെയിൽവേ സംരക്ഷണ സേനയും (RPF) ചേർന്ന് രംഗിയ ജങ്ഷൻ പിന്നിട്ട ട്രെയിനിൽ പരിശോധന നടത്തുകയും ബോംഗായ്ഗാവ് സ്റ്റേഷനിൽ വെച്ച് 15 പേരെക്കൂടി പിടികൂടുകയുമായിരുന്നു. കസ്റ്റഡിയിലുള്ള ആരുടെയും പക്കൽ ഇന്ത്യയിൽ തങ്ങാനുള്ള നിയമസാധുതയുള്ള യാത്രാരേഖകൾ ഉണ്ടായിരുന്നില്ല. ബംഗ്ലാദേശിലെ ധാക്ക, സുനാംഗഞ്ച്, ഗോപാൽഗഞ്ച്, ബാഗേർഹട്ട്, ഖുൽന, മൈമൻസിംഗ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മേഘാലയ അതിർത്തി വഴി ഇടനിലക്കാരുടെ സഹായത്തോടെയാണോ ഇവർ ഇന്ത്യയിലേക്ക് കടന്നതെന്ന് അന്വേഷണസംഘം സജീവമായി പരിശോധിച്ചുവരികയാണ്. തൊഴിൽ തേടിയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരമെങ്കിലും നുഴഞ്ഞുകയറ്റത്തിന് പിന്നിൽ പ്രവർത്തിച്ച അന്തർസംസ്ഥാന മാഫിയ ശൃംഖലയെ കണ്ടെത്താൻ കേസെടുത്ത് സമഗ്രമായ അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണറുടെ നാടുകടത്തൽ ഉത്തരവ് ലഭിച്ചാലുടൻ ഇവരെ ബംഗ്ലാദേശ് അധികൃതർക്ക് കൈമാറും.












