ഭീകരാക്രമണത്തിന്റെ 25-ാം വാർഷിക ദിനമായ സെപ്റ്റംബർ 11-ന്, അൽ ഖൊയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനെ മുൻപ് പുകഴ്ത്തി സംസാരിച്ച പാകിസ്താനി മുസ്ലീം പണ്ഡിതന് ആദരവ് നൽകിയ സംഭവം ആഗോളതലത്തിൽ വൻ വിവാദമാകുന്നു. കാന്റർബറി ആർച്ച്ബിഷപ്പ് ഡെയിം സാറ മുള്ളല്ലി പാകിസ്താൻ ഉലമ കൗൺസിൽ അധ്യക്ഷൻ ഹാഫിസ് മുഹമ്മദ് താഹിർ മഹ്മൂദ് അഷ്റഫിക്ക് നൽകിയ ബഹുമതിയാണ് കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് ലംബെത്ത് പാലസ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.
മതസൗഹാർദ്ദത്തിനും അനുരഞ്ജനത്തിനുമുള്ള ‘ഹ്യൂബർട്ട് വാൾട്ടർ’ പുരസ്കാരമാണ് ലണ്ടനിലെ ലംബെത്ത് പാലസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അഷ്റഫിക്ക് സമ്മാനിച്ചത്. എന്നാൽ 2007-ൽ ബ്രിട്ടീഷ് സർക്കാർ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ‘ സർ’ പദവി നൽകിയതിൽ പ്രതിഷേധിച്ച്, ഒസാമ ബിൻ ലാദന് പാകിസ്താൻ ഉലമ കൗൺസിൽ ‘സെയ്ഫുല്ല’ (അല്ലാഹുവിന്റെ വാൾ) എന്ന ഉപാധി നൽകി ആദരിക്കുമെന്ന് അഷ്റഫി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ വൻ പ്രതിഷേധത്തിന് വഴിതുറന്നത്.
ബിൻ ലാദനെ പുകഴ്ത്തുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരാൾക്ക്, ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട 9/11 ഭീകരാക്രമണ വാർഷിക ദിനത്തിൽ തന്നെ ആദരവ് നൽകിയത് ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള വലിയ അനാദരവാണെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ നേതാക്കളും ഭീകരാക്രമണത്തെ അതിജീവിച്ചവരും കുറ്റപ്പെടുത്തി. കൂടാതെ, പാകിസ്താനിലെ കടുത്ത മതനിന്ദാ നിയമങ്ങളെ പിന്തുണയ്ക്കുന്ന അഷ്റഫിക്ക് ആദരവ് നൽകിയ നടപടി തികഞ്ഞ വിവരക്കേടാണെന്ന് ക്രിസ്ത്യൻ സംഘടനകളും നാഷണൽ സെക്യുലർ സൊസൈറ്റിയും വിമർശിച്ചു.
വിവാദം കൊടുമ്പിരിക്കൊണ്ടതോടെ സംഭവം പുനഃപരിശോധിച്ച ലംബെത്ത് പാലസ്, അഷ്റഫിയുടെ മുൻകാല പ്രസ്താവനകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ പുരസ്കാരം പിൻവലിക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു. അതേസമയം, റുഷ്ദിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായുള്ള ഉപമ മാത്രമായിരുന്നു അതെന്നും ബിൻ ലാദനെ പിന്തുണച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഷ്റഫിയുടെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്.












