മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് എ.ജി.യുടെ നിയമോപദേശത്തിലുള്ളത്.
പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമോപദേശം ലഭിച്ചതായും ഇത് പരിശോധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധികൾ കൂടി ഉൾപ്പെടുത്തി ഡിജിപിയുടെ അഭിപ്രായം തേടിയാണ് എ.ജി. സർക്കാരിന് നിയമോപദേശം നൽകിയിരിക്കുന്നത്.
ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്. അടൂർ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നും, ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.









