മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ രംഗത്തെത്തി. എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ അതിനർഥം പിണറായി കുറ്റക്കാരനല്ലെന്നും, എഫ്.ഐ.ആർ ഇട്ടാൽ കുടുങ്ങുക രമേശ് ചെന്നിത്തലയും കൂട്ടരുമാണെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പരിശോധന നേരത്തെ കഴിഞ്ഞതാണെന്നും ആര് വിചാരിച്ചാലും പിണറായിയെയും കുടുംബത്തെയും തകർക്കാനാകില്ലെന്നും കേരള രാഷ്ട്രീയത്തിൽ പിണറായി തിളങ്ങിനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ. തങ്ങളുടെ സർക്കാരാണ് ഇപ്പോഴുമെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ഓൾ വന്നേനെയെന്നാണ് എ.കെ ബാലൻ പറഞ്ഞത്.
സർക്കാർ നടുക്കടലിലാണെന്നും മുന്നോട്ടാണോ പിന്നോട്ടാണോ പോകേണ്ടതെന്ന് നിശ്ചയമില്ലാതെ ഒടുവിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും, തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ ഇടാം അല്ലെങ്കിൽ പ്രാഥമിക പരിശോധന നടത്തി എഫ്.ഐ.ആർ ഇടാമെന്നുമായിരുന്നു ഉപദേശമെന്നും ബാലൻ കൂട്ടിച്ചേർത്തു.
എല്ലാ രേഖകളും എ.ജിയുടെ ഓഫീസിലെത്തിച്ച ശേഷമുള്ള ഈ സ്ഥിതിയിലൂടെ എഫ്.ഐ.ആർ ഇട്ടാൽ മന്ത്രിമാർ രണ്ടും കുടുങ്ങുമെന്നും, ഇട്ടില്ലെങ്കിൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയുമെന്നതിനാലും ഇത് ഇരുതലമൂർച്ചയുള്ള വാളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് നിയമ പരിശോധന നടത്തിയ ആരോപണമാണിതെന്നും, പുതുതായി കേസെടുക്കാൻ സർക്കാരിന്റെ കൈവശം എന്ത് തെളിവാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.









