പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധവും അത് ഇന്ത്യയെ ബാധിക്കുന്നതുമായ വിഷയങ്ങളിൽ ശക്തമായ നിലപാടുമായി മോദി സർക്കാർ രംഗത്തെത്തി. ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ലെന്നും, രാജ്യത്തിന്റെ സ്വതന്ത്രമായ വിദേശനയം തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ജനങ്ങൾക്ക് തടസ്സമില്ലാത്തതും താങ്ങാനാവുന്നതുമായ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യപരമായി ലാഭകരവും പ്രായോഗികവുമായ സ്രോതസ്സുകളിൽ നിന്ന് രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ എണ്ണ-വാതക വ്യാപാര പങ്കാളികൾക്ക് മേൽ കനത്ത തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് പാസാക്കിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ പ്രതികരണം.
ലിൻഡ്സേ ഒ ഗ്രഹാം സാൻഡ്‍ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026 എന്ന് അറിയപ്പെടുന്ന ഈ ബിൽ സെനറ്റ് പാസാക്കിയതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയും അംഗീകരിച്ചത്. റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താൻ ഈ ബിൽ വഴി സാധിക്കും.









