കർഷകനോട് പട്ടയം നൽകുന്നതിനായി കൈക്കൂലിയായി പണത്തിനുപുറമെ മീൻ കറിയും മീൻ വറുത്തതും ആവശ്യപ്പെട്ട തമിഴ്നാട്ടിലെ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ (വി.എ.ഒ) സസ്പെൻഡ് ചെയ്തു. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസറായ കാർത്തിയാണ് (38) സസ്പെൻഡിലായത്. കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി പാളയം സ്വദേശിയായ ദേവരാജൻ എന്ന കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചപ്പോഴാണ് ഈ വിവാദ സംഭവം ഉണ്ടായത്.
നടപടികൾ വേഗത്തിലാക്കി പട്ടയം പെട്ടെന്ന് നൽകണമെങ്കിൽ 15,000 രൂപ കൈക്കൂലി നൽകണമെന്ന് കാർത്തി ആവശ്യപ്പെടുകയായിരുന്നു. പണത്തിന് പുറമെ ഊണിനൊപ്പം മീൻ കറിയും മീൻ പൊരിച്ചതും വാങ്ങിനൽകണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയുണ്ടായി. പ്രായമായ പിതാവിനോട് ഇത്തരത്തിൽ കൈക്കൂലിയും ഭക്ഷണവും ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത് കർഷകന്റെ മകൻ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചെങ്കിലും, താൻ ആവശ്യപ്പെട്ടതിൽ ഉറച്ചുനിൽക്കുകയാണ് ഇയാൾ ചെയ്തത്.
ഈ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ കരൂർ ജില്ലാ കലക്ടർ തഹസിൽദാരോട് ഉത്തരവിടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജില്ലാ കലക്ടർ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്.









