തകർപ്പൻ പ്രകടനത്തിലൂടെ 2026-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം. എലേവനീൽ വാലറിവൻ, സോനം മസ്കർ, വിദർശ വിനോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ആതിഥേയരായ ജപ്പാനിൽ നടന്ന മത്സരത്തിൽ 1898.0 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ ടീം വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. 1904.2 പോയിന്റുകളോടെ ലോക റെക്കോർഡ് സ്ഥാപിച്ച ചൈന സ്വർണ്ണ മെഡൽ സ്വന്തമാക്കിയപ്പോൾ, 1897.1 പോയിന്റുകൾ നേടിയ ജപ്പാൻ വെങ്കല മെഡൽ നേടി.
ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ സോഷ്യൽ മീഡിയയിലൂടെ താരങ്ങളെ അഭിനന്ദിച്ചു. ഇന്ത്യൻ സംഘത്തിന് ഭാവിയിലും കൂടുതൽ വിജയങ്ങൾ ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ സോനം മസ്കർ 634.1 പോയിന്റുകൾ നേടി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ, എലേവനീൽ വാലറിവൻ 633.5 പോയിന്റും വിദർശ വിനോദ് 630.4 പോയിന്റും നേടി മികച്ച പിന്തുണ നൽകി. ഇതിനുപുറമേ, വ്യക്തിഗത ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച എലേവനീലും സോനവും വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.
യോഗ്യതാ മത്സരങ്ങളിലെ ഉയർന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ ആദ്യ എട്ട് സ്ഥാനക്കാരിൽ ഇടംനേടിയ ഇവർ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ മെഡൽ നേട്ടം കൂടുതൽ ഉയർത്തുമെന്ന പ്രതീക്ഷയിലാണ്.










