പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങി. മുൻപ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ട്രംപിന്റെ മടക്കം എങ്കിലും, ഇതിന്റെ കാരണം അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
മേഖലയിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും കർശന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൈനിക സംഘർഷം തീവ്രമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഈ മേഖലയിലൂടെയോ അവിടേക്കോ ഉള്ള യാത്രകളെക്കുറിച്ച് അമേരിക്കക്കാർ പുനർചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ജാഗ്രതാ നിർദേശം ശക്തമാക്കിയത്. ഇതിനിടെ, സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഇറാൻ ഏഴ് നിബന്ധനകൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചിട്ടുണ്ട്.
ഖത്തർ വഴിയാണ് ഈ നിബന്ധനകൾ അമേരിക്കയ്ക്ക് കൈമാറിയതെന്നും ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി ടെഹ്‌റാൻ കാത്തിരിക്കുകയാണെന്നും ഇറാനിയൻ സുരക്ഷാ തലവൻ മൊഹ്‌സെൻ റസായി അൽ ജസീറയോട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുക, യു.എസ്. നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇതിൽ പരസ്യപ്പെടുത്തിയ പ്രധാന ആവശ്യങ്ങൾ. ബാക്കി നാല് നിബന്ധനകളുടെ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അമേരിക്ക ഈ ആവശ്യങ്ങൾ തള്ളിക്കളഞ്ഞാൽ നിർണായകമായ യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് മുന്നറിയിപ്പ് നൽകിയ റസായി, ട്രംപിന്റെ ഭീഷണികൾ കൊണ്ട് യാതൊരു ഫലവുമില്ലെന്നും കൂട്ടിച്ചേർത്തു.









