ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ദീർഘകാല ആവശ്യത്തിന് ശക്തമായ പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രമുഖ മധ്യ യൂറോപ്യൻ കൂട്ടായ്മയായ ‘വിസെഗ്രാഡ് ഫോർ’ (V4) ആണ് ഇന്ത്യക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ഉച്ചകോടിക്കിടെ (UNGA) നടന്ന വിസെഗ്രാഡ് വിദേശകാര്യ മന്ത്രിമാരുടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.
ഗ്ലോബൽ സൗത്തിന്റെ മുൻനിര രാജ്യവും ഇന്തോ-പസഫിക് മേഖലയിൽ അതിവേഗം വളരുന്ന പ്രമുഖ ശക്തിയുമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വ പട്ടികയിൽ ഉണ്ടാകണമെന്ന് സ്ലൊവാക്യൻ വിദേശകാര്യ മന്ത്രി യുറായ് ബ്ലനാർ വ്യക്തമാക്കി. കൂടിക്കാഴ്ചയെ ‘ചരിത്രപരമായ പുതിയൊരു അധ്യായം’ എന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്.
രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ബഹിരാകാശ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി മേഖലകളിൽ ഇന്ത്യയും വിസെഗ്രാഡ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. പ്രതിവർഷ വിദേശകാര്യ മന്ത്രിതല സമ്മേളനം നടത്താനും വാർഷിക ബിസിനസ് ഫോറം രൂപീകരിക്കാനും ഇരുവിഭാഗവും ധാരണയിലെത്തി. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഗൾഫിലെ പ്രതിസന്ധികൾ എന്നിവ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും ചർച്ചയായി. യൂറോപ്യൻ ശക്തികളുടെ ഈ പിന്തുണ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നയതന്ത്ര പദവിക്കും രക്ഷാസമിതി പരിഷ്കരണങ്ങൾക്കുമുള്ള നീക്കങ്ങൾക്കും വലിയ കരുത്തുപകരും.











