നിലമ്പൂരിലെ മഴക്കെടുതി സന്ദർശിക്കാനായി തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേർഡ് വിമാനയാത്രയെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. അടിയന്തര സാഹചര്യത്തിലായിരുന്നു യാത്രയെന്നും സർക്കാർ ഖജനാവിന് ഒരു രൂപപോലും സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങൾ ഉപയോഗിക്കുന്നത് പതിവാണെന്നും ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു ചെലവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യാത്രയുടെ സ്പോൺസർ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒരു സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനമാണെന്നും, പല മലയാളികൾക്കും വിമാനമുണ്ടെന്നിരിക്കെ അവരുടെ പേര് വെറുതെ വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ പേരിൽ ആർക്കും ഔദാര്യം ചെയ്തുകൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയിൽ വിമാന യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരത്തിൽ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് കരുതി ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ഇനിയും വിമാനയാത്ര നടത്തുമെന്നും, വിദേശ യാത്രകൾ നടത്തുമ്പോൾ സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന് മാത്രമാണ് താൻ നോക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും, ഒരു തവണ പോലും സർക്കാരിന്റെ പൈസ ഉപയോഗിച്ചിട്ടില്ലെന്നും, അധിക ചെലവ് ഒഴിവാക്കാനായി ഡൽഹിക്ക് പോകുമ്പോൾ പോലും കൂടെ ഒരാളെപ്പോലും കൊണ്ടുപോകാറില്ലെന്നും സുരക്ഷയ്ക്ക് ആരെയും കൂടെക്കൂട്ടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തനിവാരണ നിധിയിലേക്ക് ആളുകൾ പണം നൽകുന്നത് ദുരിതബാധിതർക്ക് സഹായം നൽകാനാണ്, അല്ലാതെ മുഖ്യമന്ത്രിക്ക് വിമാന യാത്ര നടത്താനല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ വ്യക്തികൾ അറേഞ്ച് ചെയ്ത വിമാനത്തിലും ഹെലികോപ്റ്ററിലും മുമ്പ് നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും അന്ന് അവരുടെയൊക്കെ പേര് വെളിപ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം തിരിച്ചുചോദിച്ചു.









