ടോക്കിയോ/നാഗോയ: ദില്ലി തെരുവുകളിൽ കുടുംബത്തെ പോറ്റാൻ ഊബർ ടാക്സി ഓടിച്ചിരുന്ന സൽമാൻ ഖാൻ ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറി. ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് റോയിങ്ങിൽ സത്നാം സിങ്ങിനൊപ്പം പുരുഷന്മാരുടെ ഡബിൾ സ്കൾസ് വിഭാഗത്തിലാണ് സൽമാൻ ഖാൻ ഇന്ത്യക്കായി വെങ്കല മെഡൽ സ്വന്തമാക്കിയത്. ഈ ഇനത്തിൽ ഇന്ത്യ നേടുന്ന കന്നി ഏഷ്യൻ ഗെയിംസ് മെഡൽ കൂടിയാണിത്.
വ്യാഴാഴ്ച നടന്ന വാശിയേറിയ ഫൈനലിൽ 6:13.25 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ജോഡി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ചൈനയുടെ യി ക്സുഡി – യിഡെ നിയെ സഖ്യം സ്വർണ്ണവും ഉസ്ബെക്കിസ്ഥാന്റെ പവേൽ സോറിൻ – മെഖ്റോജ്ബെക് മമത്കുലോവ് സഖ്യം വെള്ളിയും നേടി. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും (500 മീറ്റർ, 1000 മീറ്റർ, 1500 മീറ്റർ പോയിന്റുകളിൽ) രണ്ടാം സ്ഥാനത്ത് തുടർന്ന ഇന്ത്യൻ സഖ്യം അവസാന 500 മീറ്ററിലാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെങ്കിലും വെങ്കലം കൈവിടാതെ കാത്തു.
ഉത്തർപ്രദേശിലെ അമേഠി സ്വദേശിയായ സൽമാന്റെ ജീവിതത്തിലെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥകൂടിയാണ് ഈ ഏഷ്യൻ ഗെയിംസ് മെഡൽ. പിതാവിന്റെ വിയോഗത്തെ തുടർന്ന് കുടുംബം പുലർത്താനായി ദില്ലിയിൽ ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സൽമാൻ, ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ശേഷമാണ് റോയിങ് കായികരംഗത്തേക്ക് എത്തിയത്. സൈന്യത്തിന്റെ കായിക പ്രോത്സാഹനവും കഠിനാധ്വാനവുമാണ് സൽമാനെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചത്. റോയിങ് ചരിത്രത്തിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സൽമാനും സത്നാമിനും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.








