മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സായുധ സേനാ പ്രത്യേക അധികാര നിയമം (AFSPA) കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും നീട്ടി. താഴ്‍വര മേഖലയിലെ 5 ജില്ലകളിലായി വരുന്ന 13 പോലീസ് സ്റ്റേഷൻ പരിധികൾ ഒഴികെയുള്ള സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളെയും അടുത്ത ആറു മാസത്തേക്ക് പ്രക്ഷുബ്ധ പ്രദേശങ്ങളായി (Disturbed Area) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒടുവിൽ പ്രാബല്യത്തിൽ വരുംവിധം പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് സുരക്ഷാ സേനകൾക്ക് സവിശേഷ അധികാരങ്ങൾ നൽകുന്ന ഈ നിയമത്തിന്റെ കാലാവധി നീട്ടിയത്.
അടിയന്തര സാഹചര്യങ്ങളിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ വാറന്റോ ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും സംശയാസ്പദമായ കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്താനും സൈന്യത്തിനും കേന്ദ്ര സായുധ പോലീസിനും എഎഫ്എസ്പിഎ നിയമപ്രകാരം അധികാരം ലഭിക്കും. സംസ്ഥാനത്ത് കുക്കി-മേയ്ത്തേയ് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷവും അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങളും കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കാൻ കേന്ദ്രം ഈ തീരുമാനമെടുത്തത്. ഇംഫാൽ, ലാംഫെൽ, സിറ്റി, സിംഗ്ജമേയ്, പട്സോയ്, വാങ്കോയ്, പോറോംപട്, ഹെയ്ൻഗാങ്, ഇറിൽബംഗ്, തൗബാൽ, ബിഷ്ണുപൂർ, നമ്പോൽ, കാക്ചിംഗ് എന്നീ 13 പോലീസ് സ്റ്റേഷൻ അതിർത്തികളെ മാത്രമാണ് ഈ പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡിന്റെയും അരുണാചൽ പ്രദേശിന്റെയും ചില നിർദ്ദിഷ്ട മേഖലകളിലും പ്രക്ഷുബ്ധ പ്രദേശങ്ങൾ എന്ന പദവിയും എഎഫ്എസ്പിഎയും ആറു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വംശീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നിലവിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്. മലയോര മേഖലകളിലും താഴ്‌വരകളിലും ആയുധധാരികളായ അക്രമികൾ നടത്തുന്ന അക്രമങ്ങൾ തടയുന്നതിനായി കരസേനയുടെയും അസം റൈഫിൾസിന്റെയും നേതൃത്വത്തിൽ ശക്തമായ തെരച്ചിൽ നടപടികളാണ് പുരോഗമിക്കുന്നത്.










