ന്യൂഡൽഹി: അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്ക് പുറമെ അത്യാധുനിക ആറാം തലമുറ യുദ്ധവിമാനങ്ങളും (Sixth-Generation Fighter Jets) വികസിപ്പിക്കാനുള്ള വൻ പദ്ധതികളുമായി ഇന്ത്യ മുന്നോട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എൻഡിടിവി ഡിഫൻസ് സമ്മിറ്റിൽ സംസാരിക്കവേയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായകമായ ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. വരാനിരിക്കുന്ന രണ്ട് രണ്ട് പതിറ്റാണ്ടുകളിലെ ആഗോള യുദ്ധതന്ത്രങ്ങളും സാങ്കേതിക വെല്ലുവിളികളും മുൻനിർത്തിയാണ് ഇന്ത്യ ഇത്തരമൊരു വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നത്. കരസേനാ മേധാവി ജനറൽ ധീരജ് സേഥ് ഉൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.
മുന്നോട്ടുള്ള പാതയിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും ലക്ഷ്യത്തിൽ നിന്നും ഇന്ത്യ പുറകോട്ടില്ലെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. ആയുധങ്ങളും സാങ്കേതികവിദ്യകളും മറ്റ് രാജ്യങ്ങളിൽ നിന്ന് വെറുതെ ഇറക്കുമതി ചെയ്യുന്നതിന് പകരം, ഭാവി സാങ്കേതികവിദ്യകളെ സ്വന്തമായി നിർവ്വചിക്കുന്ന മുൻനിര രാജ്യമായി ഇന്ത്യ മാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര, ജലം, ആകാശം എന്നിവയ്ക്കൊപ്പം സൈബറും ബഹിരാകാശവും യുദ്ധക്കളങ്ങളായി മാറിയ അഞ്ചാം തലമുറ യുദ്ധമുറയുടെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ, സ്വയം നിയന്ത്രിത സംവിധാനങ്ങൾ (Autonomous Systems), ഹൈപ്പർസോണിക് സാങ്കേതികവിദ്യകൾ എന്നിവ പ്രതിരോധ മേഖലയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ ഫ്‌ളൈറ്റ് ട്രയലും ലോങ്-ഡ്യൂറേഷൻ സ്‌ക്രാംജെറ്റ് എഞ്ചിൻ പരീക്ഷണവും ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയ വിവരവും അദ്ദേഹം പങ്കുവെച്ചു.
രാജ്യത്തെ പ്രതിരോധ കയറ്റുമതിയിൽ ഉണ്ടായ അഭൂതപൂർവ്വമായ വളർച്ചയും അദ്ദേഹം കൺവെൻഷനിൽ അക്കമിട്ടു നിരത്തി. 2013-14 കാലയളവിൽ വെറും 686 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി, 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് തുകയായ 38,424 കോടി രൂപയായി ഉയർന്നതായി പ്രതിരോധമന്ത്രി പറഞ്ഞു. നിലവിൽ ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ നിർമ്മിത പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. സ്വയംപര്യാപ്തതയിലൂടെ 2029-ഓടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചു.










