ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വലിയ നേട്ടമായി സ്വദേശി നിർമ്മിത കാവേരി ഡ്രൈ എഞ്ചിൻ റഷ്യയിൽ നടത്തിയ ഉയർന്ന വിമാന പരീക്ഷണങ്ങളും ഹൈ-ആൾട്ടിറ്റ്യൂഡ് പരിശോധനകളും വിജയകരമായി പൂർത്തിയാക്കി. പ്രതീക്ഷിച്ച 46 കിലോന്യൂട്ടൺ (kN) ലക്ഷ്യത്തെ മറികടന്ന് 48.5 kN പീക്ക് ഡ്രൈ ത്രസ്റ്റ് കൈവരിക്കാൻ എഞ്ചിനായി. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (ജിടിആർഇ) വികസിപ്പിച്ച ഈ എഞ്ചിൻ, ഇന്ത്യ നിർമ്മിക്കാനുദ്ദേശിക്കുന്ന ‘ഘട്ടക്’ സ്റ്റെൽത്ത് ഡ്രോണുകളിലാണ് (UCAV) ഉപയോഗിക്കുക.
ആഫ്റ്റർബർണർ സംവിധാനത്തിന്റെ അധിക വേഗത ആവശ്യമില്ലാത്ത വിമാനങ്ങൾക്കായാണ് കാവേരിയുടെ നോൺ-ആഫ്റ്റർബർണിംഗ് പതിപ്പായ കാവേരി ഡെറിവേറ്റീവ് എഞ്ചിൻ (KDE) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഫ്റ്റർബർണർ ഇല്ലാതെ നൽകുന്ന ഊർജ്ജത്തെയാണ് ‘ഡ്രൈ ത്രസ്റ്റ്’ എന്ന് വിളിക്കുന്നത്. റഷ്യയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മോട്ടോഴ്സ് (CIAM), ഗ്രോമോവ് ഫ്ലൈറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു എഞ്ചിൻ പരിശോധനകൾ നടന്നത്. ഉയർന്ന ആകാശത്തിലെ കുറഞ്ഞ വായുസമ്മർദ്ദവും തണുപ്പും കൃത്രിമമായി സൃഷ്ടിച്ചാണ് സിഐഎഎമ്മിൽ പ്രാഥമിക പരിശോധന നടത്തിയത്.
തുടർന്ന് റഷ്യയുടെ ഇല്യൂഷിൻ Il-76 വിമാനത്തിൽ ഘടിപ്പിച്ചായിരുന്നു യഥാർത്ഥ വിമാന പരീക്ഷണം നടത്തിയത്. പരീക്ഷണ വിമാനത്തിലെ ഒരു സാധാരണ എഞ്ചിന് പകരം കാവേരി എഞ്ചിൻ ഘടിപ്പിച്ച് ഭൂതലത്തിലും ആകാശത്തിലും വിവിധ വേഗതയിലും വായുസമ്മർദ്ദത്തിലും ഇതിന്റെ പ്രവർത്തനം വിലയിരുത്തി. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ത്രസ്റ്റ് ലഭിച്ചതോടെ എഞ്ചിന്റെ ശേഷി കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. വിജയകരമായ പരിശോധനകൾക്ക് ശേഷം എഞ്ചിന്റെ ഔദ്യോഗിക സാക്ഷ്യപത്രവും വിമാന ഘടനയുമായുള്ള സംയോജനവുമാണ് ഇനി നടക്കാനുള്ളത്. ഡിആർഡിഒ സമർപ്പിക്കുന്ന വിവരങ്ങൾ പരിശോധിച്ച് സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ (സിഇഎംഐഎൽഎസി) പറക്കൽ യോഗ്യതാ അനുമതി നൽകും.
പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ എഞ്ചിൻ വൻതോതിൽ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.കാവേരി എഞ്ചിൻ സർട്ടിഫിക്കേഷൻ നേടുകയാണെങ്കിൽ ഘട്ടക് ഡ്രോണുകൾക്കും മറ്റ് ഭാവി പ്രതിരോധ വിമാനങ്ങൾക്കും അനുയോജ്യമായ ഏറ്റവും മികച്ച ഇന്ത്യൻ നിർമ്മിത എഞ്ചിനായി ഇത് മാറും. തേജസ് യുദ്ധവിമാന പദ്ധതിക്കായി തുടങ്ങിയതെങ്കിലും കാവേരി എഞ്ചിന്റെ വികസനം ഇന്ത്യക്ക് ഗ്യാസ് ടർബൈൻ സാങ്കേതികവിദ്യയിൽ വലിയ പരിചയസമ്പത്ത് നേടാൻ സഹായകരമായി. സ്വയംപര്യാപ്തമായ പ്രതിരോധ ഏവിയേഷൻ രംഗത്തേക്കുള്ള ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട പ്രയാണത്തിലെ നിർണായകമായ ചുവടുവയ്പ്പായി ഈ വിജയം മാറും.








