പഴയൊരു സ്കൂട്ടർ വിറ്റാൽ മാക്സിമം കിട്ടുന്നത് 15,000 രൂപ, പക്ഷേ അടയ്ക്കേണ്ട പിഴത്തുക തപ്പിയെടുത്തപ്പോൾ തുക മുപ്പതിനായിരവും കടന്നു! മോട്ടോർ വാഹന വകുപ്പിന്റെ എഐ (AI) ക്യാമറയിൽ ഒരു സ്കൂട്ടർ തുടർച്ചയായി 49 തവണ കുടുങ്ങിയതിന്റെ ഞെട്ടലിലാണ് അങ്കമാലി സ്വദേശിയായ യുവാവ്. എറണാകുളം കാക്കനാട് എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലെത്തിയപ്പോഴാണ് തനിക്കെതിരെ വന്നിരിക്കുന്ന പിഴത്തുകയുടെ പർവ്വതം കണ്ടു യുവാവ് തലയിൽ കൈവെച്ചത്.
ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിനാണ് ആകെ പിഴയിൽ 44 തവണയും ക്യാമറ യുവാവിനെ പിടികൂടിയത്. ഒരു നിയമലംഘനത്തിന് 500 രൂപ വീതം കണക്കാക്കിയാൽ ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് മാത്രം 22,000 രൂപ വേണം. ഇതിനുപുറമെ, സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ മൂന്നുപേരെ കയറ്റി അപകടകരമായ രീതിയിൽ യാത്ര ചെയ്തതിന് ശേഷിക്കുന്ന 5 തവണയും ക്യാമറയിൽ കുടുങ്ങി. ട്രിപ്പിൾ റൈഡിംഗിന് ഓരോ യാത്രക്കാരന്റെയും തലയെണ്ണി 500 രൂപ വീതവും, മൂന്നുപേരെ കയറ്റിയതിന് 1,000 രൂപ വീതം വേറെയും പിഴയിട്ടതോടെ ആകെ അടയ്ക്കേണ്ട തുക സ്കൂട്ടറിന്റെ വിപണി മൂല്യത്തിന്റെ ഇരട്ടിയിലേറെയായി ഉയർന്നു.
സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ് എന്നതാണ് മറ്റൊരു പ്രധാന വില്ലനായത്. ഭാര്യ വിദേശത്തായതിനാൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് തുടർച്ചയായി വന്ന പിഴ സന്ദേശങ്ങൾ (SMS) യുവാവ് അറിയാതെ പോകുകയായിരുന്നു. വണ്ടി ഇൻഷുറൻസ് പുതുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ കയറി പരിശോധിച്ചപ്പോഴാണ് റോഡിലൂടെ പോയ ഓരോ തവണയും എഐ ക്യാമറ കൃത്യമായി പണികൊടുത്ത വിവരം ഉടമ അറിയുന്നത്. നിസ്സാര നിയമലംഘനങ്ങൾ വരുത്തുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും ക്യാമറകൾ കാണാത്ത വഴികളില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.











