: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ മുഴുവൻ ഫലവും പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഏകദേശം 60 ശതമാനമാണ് ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പെന്ന നിലയിൽ ഫലം ഇരുമുന്നണികളും നിർണായകമായാണ് കാണുന്നത്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലും ആവർത്തിക്കാനാകുമോ എന്നതാണ് യുഡിഎഫിന്റെ പ്രധാന പ്രതീക്ഷ. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിനും എൽഡിഎഫിനും ഉപതെരഞ്ഞെടുപ്പിലെ പ്രകടനം ഏറെ പ്രധാനമാണ്.
ആലപ്പുഴയും കൊല്ലവും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലായാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രാദേശിക വിഷയങ്ങൾക്കാണ് സാധാരണയായി തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ മുൻതൂക്കമെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും പ്രചാരണത്തിൽ പ്രധാന ചർച്ചയായി. പ്രിയദർശിനി സൗജന്യയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ സർക്കാർ നേട്ടങ്ങളായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ പവർകട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം നടത്തിയത്.
ഉപതെരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് 21 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാർഡുകളും 13 എണ്ണം എൽഡിഎഫിന്റെ സിറ്റിംഗ് വാർഡുകളുമാണ്. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20 അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന എട്ട് തദ്ദേശ വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിൽ ഏഴ് സീറ്റുകളും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.
പലയിടത്തും ബിജെപിയും മത്സരത്തിൽ നിർണായക സാന്നിധ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ ജനപ്രീതിയെയും മുന്നണികളുടെ സംഘടനാ ശേഷിയെയും സംബന്ധിച്ച സൂചനയായി മാറുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുന്നണികളുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശനൽകുന്നതായിരിക്കും 38 വാർഡുകളിലെ ജനവിധി.








