വിമാനം തകർക്കാനുള്ള കൊ-പൈലറ്റിന്റെ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ഭാര്യ സോണൽ മച്ചാർ അറിയിച്ചു. ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോവുകയായിരുന്ന എഫ്ഇസഡ് 1073 വിമാനത്തിൽ വെച്ചാണ് ഒമാനി കോ-പൈലറ്റിൽ നിന്ന് സ്മിതിന് കുത്തേറ്റത്. 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്ത ഹീറോ പൈലറ്റിന്റെ ധീരതയെ ആഗോളതലത്തിൽ ജനങ്ങൾ പ്രശംസിക്കുകയാണ്. സംഭവിച്ച ദാരുണമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ച് ഭർത്താവിൽ വീണ്ടും ആഘാതം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം അനുഭവം പങ്കുവെക്കുമെന്നാണ് കരുതുന്നതെന്നും വികാരനിർഭരമായ അഭിമുഖത്തിൽ സോണൽ പറഞ്ഞു.
നിലവിൽ യുഎഇയിലെ സൈനിക മെഡിക്കൽ ടീമിന്റെയും വിദഗ്ദ്ധ ഡോക്ടർമാരുടെയും പരിചരണത്തിലാണ് സ്മിത് കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് നൽകിയ ഉറപ്പും പിന്തുണയും തങ്ങൾക്ക് വലിയ ആശ്വാസമായെന്ന് സോണൽ വ്യക്തമാക്കി. സാധാരണക്കാരനായ ഒരു പൗരന് വേണ്ടി പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത് വലിയ കാര്യമാണെന്നും ഭാരതാംബയുടെ പ്രാർത്ഥനകൾക്ക് കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോളിൽ സ്മിത് വികാരാധീതനാവുകയും, ആപത്ത് ഘട്ടങ്ങളിൽ താൻ ഹനുമാൻ ചാലീസ ജപിക്കാറുണ്ടെന്നും അക്രമം നടക്കുമ്പോഴും അത് മനസ്സിൽ ധ്യാനിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. സ്മിതിന്റെ മാതാപിതാക്കളോടും സംസാരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ്സാന്നിധ്യത്തെയും ധീരതയെയും പ്രശംസിച്ചിരുന്നു.
ഇന്ത്യയിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴുകിയെത്തുന്ന പ്രാർത്ഥനകൾക്കും പിന്തുണകൾക്കും കുടുംബം നന്ദി രേഖപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരായതിലും ഭർത്താവിന്റെ ജീവൻ രക്ഷപ്പെട്ടതിലും ദൈവത്തോട് നന്ദി പറയുന്നതായി സോണൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്മിതുമായി സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്ത ശേഷം സ്മിത് തന്നെ അദ്ദേഹവുമായി സംസാരിക്കുമെന്നും ഭാര്യ കൂട്ടിച്ചേർത്തു.










