ഐഐടി പാലക്കാട് ടെക്‌നോളജി ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (ടെകിന്‍) സംഘടിപ്പിക്കുന്ന ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026’, ഒക്ടോബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ, വിവരസാങ്കേതികവിദ്യാ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ജലവും ശുചിത്വവും, മെഡിക്കല്‍ ടെക്‌നോളജി, അഗ്രി & ഫുഡ് ടെക്‌നോളജി തുടങ്ങിയ പ്രധാന മേഖലകളിലെ വളര്‍ന്നുവരുന്ന നൂതനാശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ഉപഭോക്താക്കളും നിക്ഷേപകരുമായി ആശയവിനിമത്തിനും വിപണി സാധ്യതകള്‍ കണ്ടെത്താനും സര്‍ക്കാര്‍-ഇതര സാമ്പത്തിക സഹായം ഉറപ്പാക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കും.
ഐഐടിയില്‍ നിന്ന് തിരഞ്ഞെടുത്ത ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ഇവയുടെ വ്യവസായിക ഉപയോഗം, സാങ്കേതികവിദ്യാ കൈമാറ്റം, വാണിജ്യവല്‍ക്കരണം എന്നിവയ്ക്കുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുന്ന ‘ഐഐടി പാലക്കാട് റിസര്‍ച്ച് ഷോക്കേസ്’ സമഗ്രയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.
500 ലധികം പങ്കാളികള്‍, തെരഞ്ഞെടുക്കപ്പെട്ട 40 സ്റ്റാര്‍ട്ടപ്പുകള്‍, 30 പ്രമുഖ പ്രഭാഷകര്‍ എന്നിവര്‍ സമഗ്രയുടെ ഭാഗമാകും. കൂടാതെ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രതിനിധികള്‍, ഗവേഷകര്‍ എന്നിവര്‍ക്കായി ബിസിനസ് കൂടിക്കാഴ്ചകള്‍ക്കും അവസരമുണ്ടാകും. തിരഞ്ഞെടുത്ത സംരംഭങ്ങളും നവീനാശയങ്ങളും ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, ഇന്‍വെസ്റ്റര്‍ പിച്ചിംഗ് സെഷനുകള്‍, ബിസിനസ് നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്ന കൂടിക്കാഴ്ചകള്‍, വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍, സ്റ്റാര്‍ട്ടപ്പുകളെ ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധിപ്പിക്കുന്ന ബിസിനസ് സഹകരണാവസരങ്ങള്‍ എന്നിവയാണ് സമഗ്ര 2.0 യുടെ പ്രധാന സവിശേഷതകള്‍. സമഗ്രയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് samagra.techin-iitpkd.org ലൂടെ രജിസ്റ്റര്‍ ചെയ്യാം.








