കാനഡ സൂപ്പർ60 ടൂർണമെന്റിലെ സെമിഫൈനൽ പോരാട്ടത്തിനിടെ അമേരിക്കൻ പേസർ അലി ഖാൻ എറിഞ്ഞ അപൂർവ്വ പന്ത് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു. ടൊറന്റോ സിക്സേഴ്സും മിസിസാഗ മാസ്റ്റേഴ്സും തമ്മിൽ വാൻകൂവറിലെ ബിസി പ്ലേസിൽ നടന്ന ആവേശകരമായ പോരാട്ടത്തിനിടെയാണ് ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ്വമായി മാത്രം കാണുന്ന വിചിത്ര സംഭവം അരങ്ങേറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ ടീം കൈറോൺ പൊള്ളാർഡിന്റെ മിന്നൽ പ്രകടനത്തിന്റെ (16 പന്തിൽ 40) കരുത്തിൽ 10 ഓവറിൽ 130 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ മിസിസാഗ മാസ്റ്റേഴ്സ് അലക്സ് ലീസിന്റെ (11 പന്തിൽ 39) വെടിക്കെട്ടിലൂടെ ശക്തമായി പൊരുതിയെങ്കിലും ഒൻപത് റൺസകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ ടൊറന്റോ ഇന്നിംഗ്സിന്റെ ഒൻപതാം ഓവറിലായിരുന്നു കാണികളെയും കമന്റേറ്റർമാരെയും ഞെട്ടിച്ച അലി ഖാന്റെ പന്ത് പിറന്നത്. പൊള്ളാർഡിനെതിരെ അലി ഖാൻ എറിഞ്ഞ ബൗൺസർ പന്ത്, പൊള്ളാർഡിന്റെയും വിക്കറ്റ് കീപ്പറിന്റെയും തലയ്ക്ക് മുകളിലൂടെ പറന്നുയർന്ന് ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലാണ് പതിച്ചത്. ഈ വിചിത്ര പന്ത് കണ്ട് അമ്പരന്ന കമന്റേറ്റർമാർ ആദ്യം വൈഡും സിക്സറുമാണ് വിധിച്ചതെങ്കിലും ശേഷം വൈഡും ഫോറും അടക്കം അഞ്ച് റൺസാണ് ടൊറന്റോയ്ക്ക് അനുവദിച്ചത്.
എംസിസി നിയമം 19.7 പ്രകാരം ബാറ്റിന്റെ സ്പർശനമില്ലാതെ ബോൾ നേരിട്ട് ബൗണ്ടറി റോപ്പിന് പുറത്തുപോയാലും അത് അഞ്ച് റൺസ് (1 വൈഡ് പെനാൽറ്റി + 4 ബൗണ്ടറി റൺസ്) ആയി മാത്രമേ കണക്കാക്കൂ. ഇത്തരം ഒരു ഡെലിവറി ക്രിക്കറ്റിൽ വിരളമായതിനാൽ സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ടൊറന്റോയെ കൂടാതെ ബ്രാംപ്ടൺ ബ്ലിറ്റ്സിനെ തോൽപ്പിച്ച വാൻകൂവർ ആങ്കേഴ്സും ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു.











