തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ബെവ്കോയുടെ വെയർഹൗസുകളിൽ വൻകിട കമ്പനികളുടെ മദ്യം മാത്രം നിറഞ്ഞിരിക്കുന്നത് മൂലം ചെറുകിട കമ്പനികളുടെ വിലകുറഞ്ഞ മദ്യത്തിന്റെ സ്റ്റോക്ക് ഇറക്കാനാകാത്ത സ്ഥിതിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പല കേന്ദ്രങ്ങളിലും ലോഡുകൾ ഇറക്കാനാകാതെ വെയർഹൗസുകൾക്ക് മുന്നിൽ വാഹനങ്ങൾ കാത്തുകിടക്കുകയാണ്.
കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേരള ഡിസ്റ്റിലറീസ് ആൻഡ് സപ്ലയേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 28 വെയർഹൗസുകളും 289 ചില്ലറ വിൽപനശാലകളുമാണ് ബെവ്കോയ്ക്ക് കീഴിലുള്ളത്. എന്നാൽ വെയർഹൗസുകളിൽ ഭൂരിഭാഗത്തിലും പ്രമുഖ വൻകിട ബ്രാൻഡുകളുടെ മദ്യം മാത്രമാണ് അമിതമായി സംഭരിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
ഓട്ടോമേറ്റഡ് കംപ്യൂട്ടർ സംവിധാനം വഴിയാണ് ഔട്ട്‌ലെറ്റുകളിലേക്ക് ആവശ്യമായ സ്റ്റോക്ക് വെയർഹൗസുകളിൽ നിന്ന് ആവശ്യപ്പെടുന്നത്. എന്നാൽ ഈ ഡിജിറ്റൽ സംവിധാനത്തിലെ പഴുതുകൾ മുതലെടുത്ത് ചില വൻകിട ബ്രാൻഡുകൾക്ക് ചില ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തുനൽകുന്നതായും ആരോപണമുണ്ട്. ഇതിനാൽ സാധാരണക്കാർ വാങ്ങുന്ന ജനപ്രിയവും വിലകുറഞ്ഞതുമായ മദ്യ ബ്രാൻഡുകൾ ഔട്ട്‌ലെറ്റുകളിൽ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. വെയർഹൗസ് പ്രതിസന്ധി തുടർന്നാൽ വരും ദിവസങ്ങളിൽ മദ്യ വിതരണം കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്.












